കണ്ണൂർ: നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദന് സ്വീകരണം നൽകിയത് തന്റെ ശരികളും ബോധ്യവുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. വീട്ടിൽ ആരുവന്നാലും സ്വീകരിക്കും. ആരെയെങ്കിലും തിരസ്കരിക്കണമെന്ന് തോന്നിയാൽ അതിനുള്ള അവകാശവും തനിക്കണ്ടെന്ന് വിനോദിന് ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

പാർട്ടി രാഷ്ട്രീയമായി തള്ളിപ്പറഞ്ഞ ഒരാൾക്ക് സ്വീകരണം കൊടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന്; എന്റെ ബോധ്യം എന്റെ ശരിയാണെന്നായിരുന്നു മറുപടി. എന്റെ വീട്ടിൽ ആര് വന്നാലും ഞാൻ സ്വീകരിക്കും. എന്റെ ബോധ്യം എന്റെ ശരി. എന്റെ വീട്ടിൽ ആര് വന്നാലും ഞാൻ സ്വീകരിക്കും. അത് എന്റെ ശരിയാണ്. ആരെയെങ്കിലും തിരസ്കരിക്കണമെന്ന് തോന്നിയാലും അതിനുള്ള അവകാശവും എനിക്കുണ്ട്. വീട്ടിൽ ആളുകൾ വരുമ്പോൾ സ്വീകരിക്കുക എന്നത് നമ്മുടെ ഒരു രീതിയല്ലേ. വീട്ടിൽ വരുന്നവരെ ഞാൻ എന്തിനാണ് അകറ്റി നിർത്തുന്നത്. വീട്ടിൽ വരുന്ന ആളോട് ഇങ്ങോട്ട് കയറണ്ട എന്ന് എന്തിനാണ് ഞാൻ പറയുന്നത്. ഞാൻ പറയില്ല ഒരിക്കലും. അദ്ദേഹം ഞങ്ങളെ ഓർത്തിട്ടല്ലേ വരുന്നത്.

ഞാൻ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല. സഹായം ചോദിക്കുന്നില്ല. ഒന്നും ഇല്ല. ഞാൻ എന്റേതായ രീതിയിൽ, സ്വന്തമായി ജീവിക്കുന്നു. ആരേയും ഉപദ്രവിക്കുന്നില്ല. എന്റെ നല്ല ഓർമ്മകളും ചീത്ത ഓർമ്മകളും എന്റെ മനസ്സിൽ തന്നെ വെച്ച് കൊണ്ടുപോകുന്നു- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. ചീത്ത ഓർമ്മകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, 'ഒത്തിരി ഉണ്ട്' എന്നായിരുന്നു മറുപടി. 'ഒത്തിരി ചീത്ത ഓർമ്മകളുണ്ട്, നമുക്ക് നോക്കാം... ഒരുപാട് ഒരുപാടുണ്ട്. പറയാം..' എന്നായിരുന്നു മറുപടി.

ടി.കെ. ഗോവിന്ദനെ പാർട്ടി വിശേഷിപ്പിച്ചത് വർഗവഞ്ചകനെന്നാണ് എന്ന ചോദ്യത്തിന്; ഞാൻ അല്ലാല്ലോ, ഞാൻ വിളിക്കില്ലാല്ലോ. ആര് വന്നാലും എന്റെ വീട്ടിൽ ഞാൻ സ്വീകരിക്കും. ഒരാള് വന്നു സ്വീകരിച്ചു. ആരെക്കുറിച്ചും ഞാൻ അങ്ങനെ വിളിക്കില്ല. അതിൽ എനിക്ക് ഒന്നും തോന്നുന്നില്ല എന്നായിരുന്നു മറുപടി.

പാർട്ടിയുടെ കനത്ത തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ പാർട്ടി ശരിയാക്കിയെടുക്കും എന്നായിരുന്നു മറുപടി. പാർട്ടി പദവികളൊന്നും ഇല്ല എന്ന് വെച്ച് ഞാൻ ഈ പാർട്ടിയെ സ്നേഹിക്കുന്ന ആളാണ്. അത് നോട്ടീസ് അടിച്ച് പറയേണ്ട കാര്യമൊന്നും ഇല്ല എന്നായിരുന്നു മറുപടി.

ഒരു പരിഭവവുമില്ല. പാർട്ടി നേതാക്കളൊന്നും എന്നെ വിളിക്കാറും ഇല്ല. അതിൽ എനിക്ക് ഒന്നും തോന്നാറുമില്ല. പാർട്ടിക്കാർ വിളിക്കണമെന്നൊന്നും തന്നെ എനിക്കില്ല. ദേഷ്യം കൊണ്ട് പറയുന്നതല്ല. അതിന്റെ ആവശ്യം ഒന്നുമില്ല- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.