കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉന്നംവെച്ച് പരോക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് വിനോദിനി പറയുന്നു. ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോൺ എടുക്കാറില്ല. തങ്ങളെ നേതാക്കൾ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി പറഞ്ഞു.
കോടിയേരി മരിച്ച് നാലുവർഷത്തിന് ശേഷമാണ് കുടുംബം പ്രതികരണവുമായി എത്തുന്നത്. കോടിയേരി വിട്ടുപോയതിന് ശേഷം പാർട്ടി നേതൃത്വത്തിലുള്ളവരുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്ന് പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്നു പോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാന് പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സഹദുഃഖം പങ്കിടുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോൺ എടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻവേണ്ടി പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോൺ എടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ, അതോ എല്ലാരംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമില്ലാതാവുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ?- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
പേര് പറയാത്ത ആ നേതാവ് പിണറായി വിജയനായിരിക്കും എന്ന് വായനക്കാർ ധരിക്കുമെന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിന്; അല്ല എന്നായിരുന്നു മറുപടി. വിജയേട്ടൻ വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ ഉദ്ദേശിച്ചത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവിനെക്കുറിച്ചാണ്.
കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനിപ്പുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹമൊരിക്കലും എന്നെ ഫോണിൽപ്പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ വല്ലപ്പോഴും ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറുമില്ല- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
Content Highlights: Vinodini Balakrishnan alleges cruel neglect by CPM top leadership after Kodiyeri's death., Claims a senior Politburo member failed to answer calls or offer support over four years., Clarifies that the criticism is not directed at Pinarayi Vijayan., Raises questions about the treatment of families of deceased party leaders.
Published: 05 Jun 2026, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented