തിരുവനന്തപുരം: നഗരത്തിലെ അനധികൃത തട്ടുകട വിഷയവും തെരുവുനായശല്യവും കോർപറേഷൻ കൗൺസിലിൽ ചർച്ചയായി. മേയറുടെ നേരേ പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണവും ഇതിന് വി.വി. രാജേഷ് നൽകിയ മറുപടിയും കൗൺസിലിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തി. ധനകാര്യം, വികസന, ആരോഗ്യ, നഗരാസൂത്രണ, മരാമത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അജൻഡകൾ കൗൺസിൽ പാസാക്കി. 

To advertise here,

നഗരത്തിലെ അനധികൃത തട്ടുകടകൾ ഒഴിപ്പിക്കലിന്റെ മറവിൽ കച്ചവടക്കാരെ ദ്രോഹിക്കരുതെന്നും കാലങ്ങളായി ഇത്തരത്തിൽ കച്ചവടം നടത്തുന്നവരെ സംരക്ഷിക്കണമെന്നും ആർ. ഹരികുമാറും വഞ്ചിയൂർ ബാബുവും ആവശ്യപ്പെട്ടു. സിവിൽ സർവീസ് പരിശീലനത്തിനുൾപ്പെടെ നഗരത്തിൽ വന്ന് താമസിക്കുന്ന കുട്ടികൾക്കടക്കം ഉപകാരപ്പെടുന്നതാണ് തട്ടുകടകൾ. തട്ടുകടകൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നും പാവപ്പെട്ടവരുടെ പേരിൽ വമ്പൻമാരുടെ കടന്നുകയറ്റം അനുവദിക്കരുതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ പറഞ്ഞു.

വൻകിടക്കാരുടെ തട്ടിപ്പ് കൈയോടെ പിടികൂടിയിട്ടുണ്ടെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കരമന അജിത്ത് പറഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയൻ നേതാക്കളുൾപ്പെടെയുള്ളവരാണ് പല സ്ഥലത്തും തട്ടുകടകൾ നടത്തുന്നതെന്നും ഗുണ്ടായിസമാണ് ഇതിന് പുറകിലെന്നും അജിത്ത് പറഞ്ഞു.

തെരുവുനായ വിഷയത്തിൽ നടപടി -മേയർ

തെരുവുനായ വിഷയത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു. തെരുവുനായശല്യം രൂക്ഷമാണെന്നും എബിസി പദ്ധതി കാര്യക്ഷമമല്ലെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

നാലാഞ്ചിറ, നെട്ടയം, വഞ്ചിയൂർ കൗൺസിലർമാരാണ് വിഷയം അവതരിപ്പിച്ചത്. നായശല്യം കാരണം ആളുകൾക്ക് നടക്കാനാവാത്ത സ്ഥിതിയാണെന്നും ഭരണപക്ഷം ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുയർന്നു.

തെരുവുനായവിഷയം ഒറ്റദിവസംകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും സുപ്രീംകോടതി വിധികൾക്കനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ പറഞ്ഞു.

കോർപ്പറേഷന് ഷെൽട്ടർ ഹോമുകൾ ഉണ്ടോയെന്നുള്ള അംഗങ്ങളുടെ ചോദ്യത്തിന് ഇവയുണ്ടെന്നും എത്ര തെരുവുനായ്ക്കളെ പിടികൂടിയെന്നതുൾപ്പെടെയുള്ള വിശദമായ കണക്കുകൾ അടുത്ത കൗൺസിലിൽ അവതരിപ്പിക്കുമെന്നും മേയർ പറഞ്ഞു.

കിഴക്കേക്കോട്ടയിൽ വാഹനാപകടം ഒഴിവാക്കാൻ നടപടി

കിഴക്കേക്കോട്ടയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ പോലീസുമായി ചേർന്ന് പരിശോധനകൾ നടത്തിയെന്നും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു. നഗരത്തിലെ അടഞ്ഞുകിടക്കുന്നതുൾപ്പെടെയുള്ള പാർക്കുകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയർക്ക് താത്‌പര്യം റീൽസിൽ -പ്രതിപക്ഷം

എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കും മേയർ വി.വി. രാജേഷും തമ്മിലും വാക്കുതർക്കമുണ്ടായി. മേയർക്ക് റീൽസുകളിലാണ് താത്പര്യമെന്നും വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കൊള്ള, നഗരത്തിലെ പെട്രോൾ പമ്പുകളിൽ നടക്കുന്ന മായം ചേർക്കൽ എന്നിവയിൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷത്തോടുള്ള മേയറുടെ സമീപനം ശരിയല്ലെന്നും ദീപക് പറഞ്ഞു.

എന്നാൽ ദീപക് വിഷങ്ങളിൽനിന്ന് മാറിപ്പോകുകയാണെന്നും ഭരണപക്ഷം സ്വീകരിക്കുന്ന പല നടപടികളും കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ദീപക്കിന്റെ വിമർശനമെന്നും നിയമപ്രകാരമുള്ള നടപടികൾ ഇനിയും തുടരുമെന്നും വി.വി. രാജേഷ് പറഞ്ഞു.

കോർപ്പറേഷനിലെ താത്‌കാലിക ജീവനക്കാർക്ക് ശമ്പളം സമയത്ത് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും വി.വി. രാജേഷ് പറഞ്ഞു.

ചില കോർപ്പറേഷൻ ജീവനക്കാർ പദവി മുതലെടുത്ത് പലരിൽനിന്നും സ്വർണം ഉൾപ്പെടെ വാങ്ങി പണയം വെക്കുന്നതായും ഇത് അവസാനിപ്പിക്കണമെന്നും മേയർ പറഞ്ഞു. ഇതിനിടയിലായിരുന്നു പ്രതിപക്ഷം മേയർ കെയറിലും സൗജന്യ കിറ്റ് വിതരണത്തിലും അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിൽ വി.വി. രാജേഷ് മറുപടി പറയവേ പ്രതിപക്ഷം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങുകയും വാക്കൗട്ട് നടത്തുകയുമായിരുന്നു.