ചേർത്തല: കണ്ണൂരിലേതു പോലെ പാർട്ടിക്ക് ഏറെ വളക്കൂറുള്ള ആലപ്പുഴയിൽ സംഘടനാദൗർബല്യം ഗുരുതരമാണെന്ന് സി.പി.എം. വിശാലസമിതിയുടെ തിരുത്തൽ രേഖയിൽ പരാമർശം. പ്രാദേശിക വിഭാഗീയത ശക്തമായി തുടരുന്നുണ്ട്. പാർട്ടിയുടെ തളർച്ച കരുത്താക്കിയാണ് വർഗീയശക്തികൾ വളരുന്നത്. പാർട്ടിയംഗങ്ങളുടെ വർധന മാത്രമല്ല പ്രധാനം. കമ്യൂണിസ്റ്റു മൂല്യബോധമുള്ള, ജനങ്ങളുമായി ഇടപഴകാനാകുന്ന അംഗങ്ങളെയാണു വാർത്തെടുക്കേണ്ടത്. ജനങ്ങളല്ല പാർട്ടിയിൽനിന്ന് അകലുന്നത്, പാർട്ടിയും നേതാക്കളുമാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ഭാഗമായുള്ള പ്രവർത്തനശൈലിയാണു വേണ്ടത്.
ജി. സുധാകരൻ പാർട്ടിവിട്ടതും നേതാക്കളുമായി നിരന്തരം കൊമ്പുകോർക്കുന്നതും സക്രിയ വിഷയമാണെങ്കിലും രേഖയിൽ അതു സംബന്ധിച്ചു പരാമർശമില്ലെന്നതു ശ്രദ്ധേയമായി. ജില്ലയിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാനായില്ല. ആലപ്പുഴ, കുട്ടനാട്, തകഴി, കായംകുളം തുടങ്ങിയ ഏരിയകളിൽ പ്രശ്നങ്ങൾ വലിയ തോതിൽ വളർന്നു. പ്രശ്നം പഠിക്കാൻ നിയോഗിക്കുന്ന കമ്മിഷൻ പോലും ഏകപക്ഷീയ നിലപാടാണു സ്വീകരിക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകാത്തത് സാധാരണ അണികൾക്കിടയിലും പാർട്ടിയംഗങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കി. പ്രത്യേകിച്ച്, പാർട്ടിയെ എന്നും ചേർത്തുപിടിച്ച തൊഴിലാളിസമൂഹത്തിൽ. ജില്ലയിൽ പലയിടത്തും പ്രാദേശിക വിഭാഗീയത ശക്തമായി തുടരുന്നു. ഇതാണ് സംഘടനാപ്രശ്നങ്ങളായി വളരുന്നത്. ഇക്കാര്യത്തിൽ നേതൃതലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. വിഭാഗീയതയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കാൾ ഗൗരവമായി കാണേണ്ടത് 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടുകണക്കാണ്. പാർട്ടിയിൽനിന്ന് ഒന്നേകാൽ ലക്ഷത്തോളം വോട്ടു ചോർന്നു. അതെത്തിയത് വർഗീയ ശക്തികളിലാണ്. സാധാരണർക്കിടയിലെ പാർട്ടിയിടപെടലിന്റെ അഭാവത്തിലാണ് വർഗീയശക്തികൾ കടന്നുകയറുന്നത്. ഇതു ചെറുക്കാൻ പൊതു നയമുണ്ടാക്കണമെന്നും രേഖയിൽ പറയുന്നു.
Published: 16 Sept 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented