
ചെറുവത്തൂർ: വോളിബോൾ കളിക്കാൻ ദിവസം 46 കിലോമീറ്റർ സൈക്കിൾയാത്ര. വിമുക്തഭടൻ കുട്ടമത്തെ കെ.കെ. വേണുഗോപാലന്റെ (65) കാൽനൂറ്റാണ്ടത്തെ ദിനചര്യയാണിത്. രാവിലെ നാലരയ്ക്ക് ചെറുവത്തൂർ കുട്ടമത്തെ വീട്ടിൽനിന്ന് സൈക്കിളിൽ യാത്രതുടങ്ങും. 23 കിലോമീറ്റർ സൈക്കിൾ ചവിട്ടി 5.50 ഓടെ പയ്യന്നൂർ കാനായി ജോളി ക്ലബ് ഗ്രണ്ടിലെത്തും.
ഈ സമയമാകുമ്പോഴേക്കം മറ്റുകളിക്കാരുമെത്തിയിരിക്കും. കളികഴിഞ്ഞ് എട്ടരയോടെ മടക്കം. ഒൻപതരയോടെ വീട്ടിൽ തിരിച്ചെത്തും. പിന്നീട് കൃഷിയിടത്തിലേക്ക്. ഉച്ചവരെ അവിടെ ചെലവഴിക്കും. എന്നും രാവിലെ ഒൻപതരയോടടുത്ത് ടൗണിലൂടെ സൈക്കിളിൽ പോകുന്ന വേണുഗോപാലനെ മാത്രമേ നാട്ടുകാർക്കറിയൂ. എവിടെ പോകുന്നുവെന്നോ എവിടെനിന്നാണ് വരുന്നതെന്നോ നാട്ടുകാർക്കറിയില്ല.
25 വർഷം മുമ്പ് പയ്യന്നൂർ കാനായിയിൽനിന്ന് കുട്ടമത്തെത്തി സ്ഥിരതാമസമാക്കിയതാണ്. ചെറുപ്പത്തിൽ കാനായി ജോളി ക്ലബ് അംഗമായിരുന്നു. വോളിബോളിലായിരുന്നു താത്പര്യം. പയ്യന്നൂർ ബോയ്സ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ ടീമിൽ കളിച്ചു.
പിന്നീട് കണ്ണൂർ ജില്ലാ ടീമിന്റെ കളിക്കാരനായി. വോളിബോൾ കളിക്കാരനായതിനാൽ സ്പോർട്സ് ക്വാട്ടയിൽ മിലിട്ടറിയിൽ ജോലിലഭിച്ചു. അവിടെ വോളിബോൾ ടീമിലെ കളിക്കാരനായി.
2001-ൽ സർവീസിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയശേഷം പഴയകാല കളിക്കാരൊപ്പം ചേർന്നാണ് രാവിലെ വോളിബോൾ കളിക്കുന്നത്. ജന്മനാടിനോടും വളർത്തിയെടുത്ത ക്ലബിനോടും കൂട്ടുകാരോടുമുള്ള സ്‌നേഹമാണ് ദിവസവും രാവിലെയുള്ള യാത്രക്ക് പിന്നിൽ.
മംഗളൂരു സർവകലാശാല മുൻ വോളിബോൾ കളിക്കാരനും സായിയുടെ പരിശീലകനുമായ കെ. ബാലചന്ദ്രൻ, റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ എൻ.പി. മോഹനൻ തുടങ്ങി 12 പേരാണ് കാനായി ജോളി ക്ലബ് ഗ്രൗണ്ടിൽ നിത്യവും രാവിലെ കളിക്കാനെത്തുന്നത്. എല്ലാവരും 58-നും 65-നുമിടയിൽ പ്രായമുള്ളവർ.
അമ്മാവൻ ബാലരാമൻ മികച്ച വോളിബോൾ കളിക്കാരനായിരുന്നു. സഹോദരൻ അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അജയനും മികച്ച കളിക്കാരനാണ്.
സഹോദരനും കളിക്കാനെത്തും. മരുമകൻ കേണൽ സന്ദീപ് കുമാർ അവധിക്ക് നാട്ടിലെത്തിയാൽ ഗ്രൗണ്ടിലുണ്ടാകും.
കാനായി മുത്തത്തിയിലെ പരേതനായ റിട്ട. അധ്യാപകൻ കെ.പി. നാരായണന്റെയും പരേതയായ കെ.കെ. അമ്മാളുവമ്മയുടെയും മകനാണ് വേണുഗോപാലൻ. ഭാര്യ: ഗീത കയനി. മക്കൾ: കെ. വരുൺ (ബാങ്ക് ജീവനക്കാരൻ), ദൃശ്യ (ഖത്തർ).
Published: 16 Sept 2026, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented