കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ തന്നെ വീണയ്ക്ക് സമൻസ് നൽകുമെന്നാണ് അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന എട്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകൾ നടത്തിയതെന്നും അത്തരത്തിലുള്ള ഗൈഡൻസുകളാണ് നൽകിയതെന്നുമാണ് വീണയുടെ മൊഴി. എക്സാലോജിക് എന്ന കമ്പനി നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതിനാൽ അത്തരം സേവനങ്ങൾ സംബന്ധിച്ച കൂടുതൽ രേഖകൾ കൈവശമില്ലെന്നും അവർ വിശദീകരിച്ചു. എന്നാൽ ഇല്ലാത്ത സേവനത്തിനാണ് പണം കൈമാറിയതെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കണ്ടെത്തലുകളെ ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് ഇഡിയും നീങ്ങുന്നത്.
സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ വീണയിലേക്കും എക്സാലോജിക്കിലേക്കും എത്തിയതിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈമാറാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനമായ ഇഐസിപിഎൽ വീണയുടെ കമ്പനിക്ക് നൽകിയ വായ്പയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. വീണ നൽകിയ മൊഴികളിൽ ഗൗരവകരമായ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇത് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും ഇഡി അധികൃതർ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലെ അനുബന്ധ രേഖകൾ ഉടൻ തന്നെ ഇഡിക്ക് ലഭ്യമാകും. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും വീണയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുക. ഇതിനോടകം തന്നെ സിഎംആർഎല്ലിന്റെ ജോയിന്റ് എംഡി ശരൺ കർത്ത, ഡയറക്ടർ ജയ കർത്ത, ഷിബി കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.
Content Highlights: ED to summon Veena Vijayan again following inconsistencies in statements regarding the CMRL-Exalogic deal.
Published: 18 Jun 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented