പട്ടാമ്പി: പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ക്ലാസ്മുറിയിൽ തോക്കിൽനിന്ന് വെടിയുതിർന്ന സംഭവത്തിൽ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്. തോക്കുകണ്ട കൗതുകത്തിൽ വിദ്യാർഥികൾ മാറിമാറി കാണുന്നതിനിടെയാണ് വെടി പൊട്ടിയത്. ആദ്യതവണ ചുമരിലേക്ക് തുളച്ചുകയറി. രണ്ടാംതവണയാണ് വിദ്യാർഥിയുടെ തോളെല്ലിനുതാഴെ വെടിയുണ്ട തുളച്ചുകയറിയത്. ഒന്ന് മാറിയിരുന്നെങ്കിൽ വലിയ അപകടമായേനെ.

To advertise here,

11 തിരകളിടാവുന്ന തോക്കാണിത്. നാടൻതോക്കാണെങ്കിലും റിവോൾവർ ഇനത്തിലുള്ളതാണ്. സ്‌കൂൾ ബാഗിനുള്ളിൽ ആരുംകാണാതെ ഒളിപ്പിക്കാനുമാവും. കുറച്ചുകാലമായി ഉപയോഗിച്ചിട്ടില്ലെങ്കിലും തോക്ക് പ്രവർത്തനയോഗ്യമാണെന്ന് പോലീസ് പരിശോധനയിൽ തെളിഞ്ഞു. അരമണിക്കൂറോളം പോലീസിന്റെ ആർമർ വിഭാഗം തോക്ക് പരിശോധിച്ചു. ട്രിഗർ വലിച്ച് തോക്ക് പ്രവർത്തിപ്പിക്കാനാകുമെന്ന് കാണിക്കുകയും ചെയ്തു. ക്ലാസിൽ കുട്ടികളുള്ള സമയമായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

'മാഷേ അവൻ എന്റെ ഫ്രണ്ടാണേ...'

'മാഷേ അബദ്ധത്തിൽ പറ്റിയതാണേ... അവൻ എന്റെ ഫ്രണ്ടാണേ...' പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ക്ലാസ്മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പറഞ്ഞ വാക്കുകളാണിതെന്ന് അധ്യാപകർ പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവർ തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അധ്യാപകർ പറയുന്നത്. കുറേനേരമായി ക്ലാസിൽ തോക്കുമായുള്ള കളികളുണ്ടായിരുന്നു. ശാസ്ത്രമേളയ്ക്ക് തയ്യാറാക്കിയ എന്തെങ്കിലുമായിരിക്കുമെന്നാണ് വിചാരിച്ചതെന്ന് സഹപാഠികൾ പറയുന്നു. വെടിയേറ്റ വിദ്യാർഥി വേദനകൊണ്ട് പുളഞ്ഞപ്പോഴാണ് അവർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതും അധ്യാപകരെ വിവരമറിയിച്ചതും. വിദ്യാർഥികളെ മറ്റൊരു മുറിയിലാക്കി ക്ലാസുകൾ തുടർന്നു. അധ്യാപകർ പോലീസ് നടപടികൾ കഴിയുംവരെ സ്‌കൂളിൽ തുടരുകയും ചെയ്തു. തോക്ക് കൊണ്ടുവന്ന വിദ്യാർഥിയെ പ്രധാനാധ്യാപകന്റെ മുറിയിലാണ് ഇരുത്തിയിരുന്നത്. കൗൺസലർമാർ ഉൾപ്പെടെ എത്തിയിരുന്നു.