തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം 26-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ടിക്കറ്റ് വിൽപ്പന 28-നു തുടങ്ങും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന്.

To advertise here,

ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. രാവിലെ 9.30-ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.ഇമ്പശേഖർ എന്നിവർ പങ്കെടുക്കും.

ഒരു കോടി രൂപ വീതം 24 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 24 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും.

കൂടാതെ ഒാരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50000, 35,000, 20,000 രൂപ സ്‌പെഷ്യൽ ഇൻസെന്റീവും ജില്ലാതലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവും ലഭിക്കും.

45 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ വിഷു ബംബർ, 40 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ മൺസൂൺ ബംബർ, 90 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ തിരുവോണം ബംബർ എന്നിവയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിരുന്നു.

കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽനിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞമാസം ഭാഗ്യക്കുറി വകുപ്പ് നൽകിയിരുന്നു.