മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ട് തറവാട് സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പാണക്കാട്ടുണ്ടായിരുന്നു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് വി.ഡി. സതീശനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന് പിന്നാലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പാണക്കാട്ടെത്തും.

To advertise here,

സൗഹൃദസന്ദര്‍ശനമാണെന്ന് വി.ഡി. സതീശശനും സൗഹൃദസംഭാഷണം മാത്രമാണ് നടന്നതെന്ന് സാദിഖലി തങ്ങളും  പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മുസ്ലിം ലീഗുമായുള്ളത് സാഹോദര്യബന്ധമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

'കോണ്‍ഗ്രസും ലീഗും രണ്ടു പാര്‍ട്ടികളാണ്. കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടായാല്‍ കോണ്‍ഗ്രസും ലീഗിലുണ്ടായാല്‍ അവരും പരിഹരിക്കും. ഏത് പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് പരിഹരിക്കാന്‍ അതാത് പാര്‍ട്ടികളുടെ നേതൃത്വം പ്രാപ്തമാണ്. സിപിഎമ്മിന്റെ ക്ഷണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ലീഗ് കൊടുത്തത്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങളില്ല എന്നാണ് വ്യക്തമായി പറഞ്ഞത്. പരിപാടിയുടെ ലക്ഷ്യത്തോട് അവര്‍ക്കും ഞങ്ങള്‍ക്കും വിരോധമില്ല', വി.ഡി. സതീശന്‍ വ്യക്തമാക്കി.

'യുഡിഎഫ് ഉയര്‍ത്തിപ്പിടിച്ച് മുന്നോടുകൊണ്ടുപോകേണ്ട കാര്യങ്ങളൊക്കെ ചര്‍ച്ചയായി. പ്രത്യേക അജന്‍ഡകളോ വിഷയങ്ങളോ ചര്‍ച്ചയായില്ല. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അതിശക്തമായി മുന്നോട്ടുപോകേണ്ട കാര്യങ്ങള്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യം അവര്‍ നോക്കുക എന്നല്ലാതെ വേറെ പറയേണ്ടകാര്യമൊന്നുമില്ല. കോണ്‍ഗ്രസിന്റെ അകത്തെ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത് പരഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിയും', പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അച്ചടക്ക സമിതിക്ക് മുമ്പിലുള്ള കാര്യത്തെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്ന് ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ ലീഗിനെ തങ്ങള്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. സിപിഎം തരംതാഴ്ന്ന, വിലകുറഞ്ഞ രീതിയിലാണ് പലസ്തീന്‍ വിഷയത്തെ കാണുന്നത്. കേരളത്തില്‍ ഒതുങ്ങിനില്‍ക്കുന്ന രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്. പലസ്തീന്‍ വിഷയത്തിന്റെ ഗൗരവം സിപിഎം ചോര്‍ത്തിക്കളഞ്ഞുവെന്നും സതീശന്‍ പറഞ്ഞു.

'വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാവും. നടപടിയെടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ ആലോചിക്കും. പിള്ളേര കൊലയ്ക്ക് കൊടുത്തുള്ള ഒരുപരിപാടിയും വേണ്ട. അത്രയും സമാധാനം മതി', എന്നായിരുന്നു കെ.എസ്.യു. പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ സതീശന്റെ പ്രതികരണം.