ഇടുക്കി: യുഡിഎഫിന് തിളക്കമാർന്ന വിജയമില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ 'വനവാസത്തിൽ'. വാഗമണിലെ 'വനവാസം' റിസോർട്ടിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 'വനവാസം' റിസോർട്ട് ഉദ്ഘാടനംചെയ്തത്.

To advertise here,

നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായാണ് വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ വനവാസ പ്രഖ്യാപനം നടത്തിയത്. യുഡിഎഫിന് തിളക്കമാർന്ന വിജയമില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പിന്നീട് പല വേദികളിലും ഈ പ്രഖ്യാപനം ആവർത്തിക്കുകയുംചെയ്തിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകൾ ബാക്കിനിൽക്കെ 'വനവാസം' എന്ന പേരിലുള്ള റിസോർട്ട് ഉദ്ഘാടനം ചെയ്യാനും വി.ഡി. സതീശന് അവസരമുണ്ടായത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവധിക്കാല വീഡിയോകൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം കുട്ടിക്കാനത്തും പരുന്തുംപാറയിലും അവധിദിവസങ്ങൾ ചിലവഴിക്കാനെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നത്. 'വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിച്ചിരുന്നത്.