തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ യുകെ യാത്രയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ്. സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പണപ്പിരിവ് നടത്തി എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.

To advertise here,

ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാനും സ്വകാര്യ ആവശ്യങ്ങൾക്കുമായാണ് വി.ഡി. സതീശൻ യാത്രാനുമതി തേടിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ പൊളിറ്റിക്കൽ ക്ലിയറൻസിലും സംസ്ഥാന നിയമസഭാ സെക്രട്ടറി നൽകിയ അനുമതിയിലും ഈ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ആവശ്യങ്ങൾക്കായി ലഭിച്ച അനുമതി അദ്ദേഹം ദുരുപയോഗം ചെയ്തു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

യുകെയിൽ എത്തിയ ശേഷം പണപ്പിരിവ് ലക്ഷ്യമിട്ടുള്ള പരിപാടികളിലാണ് വി.ഡി. സതീശൻ പങ്കെടുത്തതെന്ന് വിജിലൻസ് ആരോപിക്കുന്നു. ഒരു പരിപാടിക്കിടെ പങ്കെടുത്തവരോട് ഓരോരുത്തരും 500 പൗണ്ട് വീതം സംഭാവന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇത് വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളുടെ (FCRA) ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഈ യാത്രയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. യാത്രയുടെ യഥാർത്ഥ ലക്ഷ്യം മറച്ചുവെച്ച് ഭരണസംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും, ഇതിനായി മണപ്പാട്ട് ഫൗണ്ടേഷനുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.