വാഹന നമ്പര് തിരിച്ചറിയാന്കഴിയുന്ന എ.എന്.പി.ആര്. ക്യാമറകളാണ് ദുരുപയോഗം ചെയ്തത്

തിരുവനന്തപുരം: വിജിലൻസ് നീക്കങ്ങൾ എ.ഐ. ക്യാമറയിലൂടെ നിരീക്ഷിച്ച് റെയ്ഡിന് തടയിട്ട് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ. ഗതാഗതനിയമലംഘനങ്ങൾക്ക് പിഴചുമത്താൻ സ്ഥാപിച്ച ക്യാമറകൾ ഉപയോഗിച്ച് എം.വി.ഡി. ഉദ്യോഗസ്ഥർ വിജിലൻസിന്റെ റെയ്ഡ് നീക്കങ്ങൾ ചോർത്തുന്നതായാണ് സംശയം. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ സംവിധാനമുള്ള ക്യാമറ യൂണിറ്റുകളിൽ വിജിലൻസ് വാഹനങ്ങളുടെ നമ്പർ ഉൾക്കൊള്ളിച്ച് നിരീക്ഷണം ഒരുക്കിയെന്നാണ് സൂചന.
വിജിലൻസ് വാഹനങ്ങൾ ക്യാമറയ്ക്കുമുന്നിലൂടെ കടന്നുപോകുമ്പോൾ എം.വി.ഡി. ഉദ്യോഗസ്ഥരുടെ മൊബൈൽഫോണുകളിൽ സന്ദേശം ലഭിക്കും വിധമായിരുന്നു ക്രമീകരണം. സന്ദേശം ലഭിക്കുന്ന ഉദ്യോഗസ്ഥർ വിവരം വേണ്ടപ്പെട്ടവർക്ക് കൈമാറി ഒറ്റുകാരാവുന്നതോടെ വിജിലൻസ് വെറുംകൈയോടെ മടങ്ങേണ്ടിവരും. സംഭവത്തെക്കുറിച്ച് വിജിലൻസ് തന്നെ അന്വേഷണം ആരംഭിച്ചു.
കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽനടന്ന വിജിലൻസ് പരിശോധന ഇതുസംബന്ധിച്ചായിരുന്നു. അതേസമയം, ഔദ്യോഗികമായി വിജിലൻസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിജിലൻസ് ഹിറ്റ് ലിസ്റ്റിലുള്ള എം.വി.ഡി. ഉദ്യോഗസ്ഥർക്ക് റെയ്ഡ് വിവരങ്ങൾ സ്ഥിരമായി ചോർന്നുകിട്ടുന്നതാണ് സംശയത്തിന് ഇടനൽകിയത്.
അടുത്തിടെ തദ്ദേശസ്ഥാപനങ്ങളിൽനടന്ന വിജിലൻസ് പരിശോധന ആരംഭിക്കുംമുൻപേ കൊല്ലം ജില്ലയിലെ എം.വി.ഡി. ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ ഓഫീസുകളിൽ എത്തുന്നതിൽനിന്നു ഇടനിലക്കാരെ വിലക്കാനും അനധികൃത ഇടപാടുകൾ നിർത്തിവെക്കാനുമായി.
സംസ്ഥാനവ്യാപകമായുള്ള പരിശോധനകൾക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ വിജിലൻസ് വാഹനങ്ങൾ വിവിധ ഓഫീസുകളിലേക്ക് കേന്ദ്രീകരിക്കാറുണ്ട്. ദേശീയ-സംസ്ഥാന പാതകളിലെ ക്യാമറകൾവഴി ഈ നീക്കം ചോർത്തിയെടുക്കുന്നതായാണ് വിജിലൻസിന്റെ സംശയം. ക്ഷേമനിധി റീരജിസ്ട്രേഷൻ ക്രമക്കേട്, ഭാരവാഹനങ്ങളുടെ പരിശോധന ഒഴിവാക്കൽ തുടങ്ങിയവയിലൂടെ കൊല്ലം ജില്ലയിലെ വിവിധ എം.വി.ഡി. ഓഫീസുകൾ വിജിലൻസിന്റെ ഹോട്ട് പട്ടികയിലാണ്. ഇതിനെത്തുടർന്നാണ് വിജിലൻസിനതിരേ മോട്ടോർവാഹനവകുപ്പ് ക്യാമറ തിരിച്ചതെന്നാണ് അറിയുന്നത്.
ക്യാമറയിലെ കെണി
വാഹന നമ്പർ തിരിച്ചറിയാൻകഴിയുന്ന എ.എൻ.പി.ആർ. ക്യാമറകളാണ് ദുരുപയോഗം ചെയ്തത്. നിരീക്ഷിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങൾ ക്യാമറ നിയന്ത്രിക്കുന്ന സോഫ്റ്റ്‍വെയറിൽ ഉൾക്കൊള്ളിക്കും. ഈ വാഹനങ്ങൾ കടന്നുപോകുമ്പോൾ സിസ്റ്റം മുന്നറിയിപ്പുസന്ദേശം നൽകും. കെൽട്രോൺ ഒരുക്കിയ കൺട്രോൾ റൂമുകളുടെ നിയന്ത്രണം വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കാണ്.
Content Highlights: Kerala Motor Vehicles Department (MVD) officials are suspected of misusing ANPR AI traffic cameras by adding Vigilance vehicle numbers to alert systems to foil surprise raids, prompting a probe by the Vigilance department.
Published: 03 Aug 2026, 04:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented