തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുമുമ്പായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പേരിൽ സിബിഐ അന്വേഷണം വന്നാൽ രാഷ്ട്രീയപ്പോരിന് ചൂടുപിടിക്കും. ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ട് ഉമ്മൻചാണ്ടിയും, സോളാർകേസ് സിബിഐക്ക് വിട്ട് പിണറായി വിജയനും മുൻപ്‌ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ പരീക്ഷണം നടത്തിയിട്ടുണ്ട്.

To advertise here,

സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് അജൻഡയാക്കാൻ നിശ്ചയിച്ചാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. പക്ഷേ, അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ലെന്നും ശബരിമലപോലുള്ള വിഷയം അവരെ ഇടതുപക്ഷത്തിനും സർക്കാരിനും എതിരാക്കി എന്നുമാണ് സിപിഐ അടക്കം വിലയിരുത്തിയത്.

തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കശക്കിയെറിഞ്ഞ വോട്ടർമാരുടെ മനസ്സിൽ ഒരുമാറ്റം ഉണ്ടാക്കിയെടുക്കാൻ രണ്ട് രാഷ്ട്രീയതന്ത്രങ്ങളുമായാണ് എൽഡിഎഫ് ഒരുങ്ങുന്നത്. ഒന്ന്, ക്ഷേമപെൻഷൻ ഉയർത്തിയതുപോലെ കുറച്ച് ജനക്ഷേമ പ്രഖ്യാപനങ്ങൾകൂടി കൊണ്ടുവരുക.

ജനുവരിയിലെ ബജറ്റിലും അല്ലാതെയുമായി ഇതുണ്ടാകും. രണ്ട്, യുഡിഎഫിനുണ്ടാക്കിയ ആത്മവിശ്വാസം തകർക്കുക. അതിനാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്കെന്താണെന്ന ചോദ്യം മുഖ്യമന്ത്രി ഉയർത്തിയത്. ഇപ്പോൾ പ്രതിപക്ഷനേതാവിനെത്തന്നെ അന്വേഷണപരിധിയിൽ നിർത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇനി രണ്ടുമാസമേ നിയമസഭാതിരഞ്ഞെടുപ്പിനുള്ളൂ. അതിനുള്ളിൽ യുഡിഎഫിനെ പരമാവധി ദുർബലപ്പെടുത്തലാണ് ലക്ഷ്യം.