ന്യൂഡൽഹി/തിരുവനന്തപുരം: ഡൽഹിയിൽ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോഗ്യസ്ഥിതിയിലും തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 10:30-ഓടെ ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തശേഷം മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും, ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചശേഷം പിന്നീട് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
കസ്റ്റഡിയിലുള്ള 81 വയസ്സുള്ള പിണറായി വിജയന് ആവശ്യമായ ഭക്ഷണവും കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
മുതിർന്ന നേതാവായ പിണറായി വിജയന് കസ്റ്റഡിയിൽ ആവശ്യമായ ചികിത്സാ പരിചരണവും ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഹൗസ് റെസിഡന്റ് കമ്മീഷണർക്ക് ആവശ്യമായ നിർദ്ദേശം നൽകാനാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും മറ്റ് തരത്തിലുള്ള നിയമപരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടോ എന്നും, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടേണ്ടതുണ്ടോ എന്നും പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ വിട്ടയച്ചപ്പോൾ, 81 വയസ്സുള്ള മുതിർന്ന നേതാവിനെയും മറ്റ് നേതാക്കളെയും മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിക്കുകയും സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും ചെയ്ത പോലീസ് നടപടിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മേലുദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ നടപടികൾ വൈകുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
Published: 10 Oct 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented