ന്യൂഡൽഹി: ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം വെറുമൊരു "ഫ്ലോപ്പ് ഷോ" ആണെന്ന് ബി.ജെ.പി ദേശീയ വക്താവും എം.പിയുമായ സംബിത് പത്ര. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചും അക്രമ സംഭവങ്ങളിലൂടെയും അരാജകത്വം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് അരാജകത്വത്തിന് മേൽ ജനാധിപത്യം നേടിയ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

To advertise here,

റെജിനഗറിൽ 1,109 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമായി ട്വീറ്റ് ചെയ്തിട്ടും, 772 വോട്ടർമാർ മാത്രമാണുള്ളതെന്ന വ്യാജ പ്രചരണം സത്യമല്ലെന്ന് അറിഞ്ഞിട്ടും പ്രതിപക്ഷ നേതാക്കൾ അത് തുടരുകയായിരുന്നുവെന്ന് സംബിത് പത്ര പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ അട്ടിമറി നടത്താൻ സാധിക്കുമെന്ന് തെളിയിക്കാൻ ഇലക്ഷൻ കമ്മീഷൻ ഹാക്കത്തോണിലേക്ക് ക്ഷണിച്ചപ്പോൾ പ്രതിപക്ഷം പങ്കടുക്കാതെ പിന്മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയെ സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നടപടികളെയും സംബിത് പത്ര വിമർശിച്ചു. രാഷ്ട്രപതിക്ക് നിവേദനം നൽകുമ്പോൾ പാലിക്കേണ്ട പ്രാഥമിക ഭരണഘടനാ പ്രോട്ടോക്കോൾ മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ലെന്നും, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കുമ്പോൾ അതിനുള്ള തെളിവുകൾ നിവേദനത്തോടൊപ്പം സമർപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതിയുടെ ഓഫീസിനെ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴച്ച പ്രതിപക്ഷം, ഇലക്ട്രോണിക് വോട്ട് മോഷണത്തിനെതിരെ നീതി തേടി സുപ്രീം കോടതിയെ സമീപിക്കുന്നതിന് പകരം പ്രതിഷേധ സ്ഥലങ്ങളിൽ ശുചിമുറിയും വൈദ്യസഹായവും പോലുള്ള സൗകര്യങ്ങൾ ആവശ്യപ്പെടാനാണ് കോടതിയിൽ പോയതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നയിക്കാനെത്തിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനം ഇറങ്ങിയ ഉടൻ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലാകുമെന്ന് മുൻകൂട്ടി കണ്ട് അഭിജീത് ദിപ്കെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, പാർട്ടിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ അറസ്റ്റിലായ നേതാക്കളെ മോചിപ്പിക്കുന്നതുവരെ അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ സമരം തുടരാനാണ് സി.ജെ.പി. തീരുമാനം.