തിരുവനന്തപുരം: ഒരു കുരുക്കഴിയുമ്പോൾ മറ്റൊന്ന്. അതും അഴിയുമ്പോൾ പിന്നാലെ അടുത്ത കുരുക്ക്. കേവല ഭൂരിപക്ഷം മാത്രമുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി ഒടുവിൽ കുഴങ്ങുന്നത് വ്യാജ ഒപ്പ് വിവാദത്തിൽ. ഒപ്പുകൾ വ്യാജമാണോ എന്നറിയാൻ കോടതിവഴി െഫാറൻസിക് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

To advertise here,

കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പിട്ടു എന്ന പരാതിയിൽ മേയർ വി.വി. രാജേഷ് തന്നെ ഒന്നാംപ്രതിയായതോടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ വീണ്ടും പ്രക്ഷുബ്‌ധമാവുന്നത്. സത്യപ്രതിജ്ഞാവിവാദവും സുഗതന്റെ അയോഗ്യതാ പ്രശ്‌നവും കൗൺസിലർ ശ്രീലേഖയുടെ രാജിഭീഷണിയുമൊക്കെ കടന്ന് ആശ്വാസത്തിലേക്കെത്തിയപ്പോഴാണ് ബി.ജെ.പി.ക്ക് പ്രതിപക്ഷത്തിന്റെ വക പുതിയ കുരുക്കുവന്നതും മേയർ ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസ് കേസെടുത്തതും. കേസുമായി മുന്നോട്ടുപോകുന്ന നിലപാടിൽ പ്രതിപക്ഷവും ഇവർക്കെതിരേ മാനനഷ്ട കേസും പ്രത്യാരോപണങ്ങളുമായി മേയറും വിട്ടുവീഴ്ചയില്ലാതെ നേർക്കുനേർ വന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലെതന്നെ ശ്രദ്ധാകേന്ദ്രമായി വീണ്ടും തിരുവനന്തപുരം കോർപ്പറേഷൻ മാറി.

മേയറുടെ ഓഫീസിൽനിന്നു കണ്ടെടുത്ത കൗൺസിൽ യോഗത്തിന്റെ ഹാജർബുക്ക് പോലീസ് അടുത്തദിവസം കോടതിവഴി െഫാറൻസിക് പരിശോധനയ്ക്ക് അയക്കും. ഒപ്പുകൾ ശാസ്ത്രീയമായി താരതമ്യംചെയ്തശേഷം ഒപ്പുകൾ വ്യാജമാണോ അല്ലയോ എന്നതിൽ വ്യക്തതവരും.

ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി. ഇതിനുപിന്നാലെ ഏപ്രിൽ 27ലെ കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ മേയർ പങ്കുവെച്ചു. മറ്റു ദിവസങ്ങളിലെ ചിത്രം കോർപ്പറേഷൻ ഫോട്ടോഗ്രാഫർ എടുത്തിട്ടുണ്ടെന്നും അവ പോലീസിനു കൈമാറിയെന്നും മേയർ അറിയിച്ചു. വ്യാജ ആരോപണമാണെന്നുകാട്ടി എസ്.പി. ദീപക്കിനെതിരേ മേയർ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

തിരികെയും വ്യാജ ഒപ്പ് ആരോപണവുമായി മേയർ

പ്രത്യേക കൗൺസിൽ നടത്താനായി പ്രതിപക്ഷം കോർപ്പറേഷനു സമർപ്പിച്ച ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്ന് മേയർ വി.വി. രാജേഷ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിൽ മറുപരാതിയും കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ദീപക് എസ്.പി. നൽകിയ പരാതിയിൽ ക്രിമിനൽ ഗൂഢാലോചനയും വ്യാജ രേഖ ചമയ്ക്കലിനുമുൾപ്പെടെ വകുപ്പുകളിട്ടാണ് പോലീസ് കേസെടുത്തത്. ഈ കേസിൽ മേയർ വി.വി. രാജേഷ് ഒന്നാം പ്രതിയും കൗൺസിലർ സുഗതനും കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളുമാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടതിനെ തുടർന്നാണ് കേസെടുത്തത്.

കോർപ്പറേഷൻ ഭരണം നിലനിർത്താനായി ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തി എന്നതാണ് ആരോപണം. വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒളിവിലായിരുന്ന സമയത്ത് നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് എൽ.ഡി.എഫ്. പരാതിയിൽ പറയുന്നത്.

സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: കോർപ്പറേഷനിലെ ഒപ്പ് വിവാദത്തിൽ കൗൺസിൽ ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ. വ്യാജ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഇടത് കൗൺസിലർ എസ്.പി. ദീപക് ക്യാമറാദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിലാണ് കോർപ്പറേഷന്റെ മറുപടി.

കൗൺസിൽഹാളിലെ പ്രവേശനകവാടത്തിലും ലോഞ്ചിലുമാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കൗൺസിൽ നടക്കുന്ന ദൃശ്യങ്ങൾ ലഭ്യമാകുന്നവിധം ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നുമാണ് മറുപടി.

കോർപ്പറേഷനിലേക്ക് എൽ.ഡി.എഫ്. മാർച്ച്

: കൗൺസിൽ ഹാജർബുക്കിൽ കൗൺസിലർ ആർ.സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് ഉദ്ഘാടനം ചെയ്തു.

പ്രതിഷേധത്തിനിടെ മേയർ എത്തിയതോടെ കോർപ്പറേഷൻ വളപ്പിൽ സംഘർഷാവസ്ഥയുണ്ടായി. മേയറെ എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസിന്റെയും ബി.ജെ.പി. കൗൺസിലർമാരുടെയും അകമ്പടിയോടെയാണ് മേയർ കോർപ്പറേഷൻ ഓഫീസിനുള്ളിലേക്കു കടന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

കൗൺസിലർ സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയത് അന്വേഷണത്തിൽ തെളിഞ്ഞതുകൊണ്ടാണ് മേയർക്കെതിരേ പോലീസ് കേസെടുത്തതെന്ന് വി.ശിവൻകുട്ടി പറഞ്ഞു.

യു.ഡി.എഫ്. സർക്കാരിന്റെ സഹായത്തിലാണ് കോർപ്പറേഷൻ ഭരണം ബി.ജെ.പി. നിലനിർത്തുന്നത്. വ്യാജ ഒപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം. ആർ.സുഗതൻ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. എന്നാൽ, സുഗതന്റെ അംഗത്വം കോർപ്പറേഷൻ റദ്ദാക്കിയില്ല. സുഗതന് ജാമ്യം ലഭിക്കാൻ സംസ്ഥാന സർക്കാർ വഴിയൊരുക്കി- ശിവൻകുട്ടി പറഞ്ഞു.

മേയർ മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് മേയർ സമരമുഖത്തേക്ക് ഇടിച്ചുകയറിയതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, സി.പി.െഎ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കൗൺസിലർമാരായ വഞ്ചിയൂർ ബാബു, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്, കെ.ശ്രീകുമാർ, എസ്.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

'വ്യാജ രേഖകൾ നിർമിക്കുന്നതിൽ മേയറും ഇ.ഡി.യും സയാമീസ് ഇരട്ടകൾ'

വ്യാജരേഖകൾ നിർമിക്കുന്നതിൽ മേയർ വി.വി. രാജേഷും ഇ.ഡി.യും സയാമീസ് ഇരട്ടകളെന്ന് എം.വി.ജയരാജൻ. വ്യാജമായി തെളിവുകളുണ്ടാക്കി പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന ഇ.ഡി. ഒരു ഭാഗത്തെങ്കിൽ ഭരണം നിലനിർത്താൻ സ്വന്തം കൗൺസിലറുടെ ഒപ്പ് ഹാജർബുക്കിൽ ശേഖരിക്കുന്ന മേയറാണ് മറുഭാഗത്ത്. ഇ.ഡി.യിൽനിന്നാണ് മേയർ ഇത്തരം കാര്യങ്ങൾ പഠിക്കുന്നത്.

എൽ.ഡി.എഫ്. കോർപ്പറേഷനിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് എം.വി.ജയരാജൻ പറഞ്ഞത്‌. സർക്കാർ വീഴ്ചവരുത്തിയതിനെ തുടർന്നാണ് സുഗതന് ജാമ്യം ലഭിച്ചത്. അതേസമയം, ആർ.ശ്രീലേഖ 'ബ്ലാക്ക് മെയിൽ' രാഷ്ട്രീയം കാണിക്കുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരേയുള്ള കേസ് ഇ.ഡി. കെട്ടിച്ചമച്ചതാണ്. വ്യാജ രേഖകൾ ഉണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ഇ.ഡി.യുടെ ശ്രമം- ജയരാജൻ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണം ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ -മേയർ

: കൗൺസിൽ ഹാജർ ബുക്കിൽ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ ഒപ്പ് വ്യാജമായി ചേർത്തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയിലെന്ന് മേയർ വി.വി.രാജേഷ്. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് ഉൾപ്പെടെയുള്ള നേതാക്കൾ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് മേയർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

സുഗതൻ കൗൺസിലിൽ പങ്കെടുത്തിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഈ തീയതികളിൽ കൗൺസിൽ ഹാളിൽ സുഗതൻ ഉള്ളതായി കോർപ്പറേഷന്റെ ഔദ്യോഗിക ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സുഗതനെ അറസ്റ്റുചെയ്തശേഷം നടന്ന ഒരു കൗൺസിൽ യോഗത്തിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കാത്തത്. എന്നാൽ, മൂന്ന് കൗൺസിലിൽ അടിപ്പിച്ച് സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് വരുത്തിതീർത്ത് ഭരണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കൗൺസിൽ യോഗത്തിനുശേഷം എസ്.പി.ദീപക് ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റിലും സുഗതനെ കാണാം. എന്നാൽ, കോർപ്പറേഷനെ ആക്രമിക്കാൻ കിട്ടുന്ന അവസരം യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ഉപയോഗപ്പെടുത്തുന്നു -മേയർ പറഞ്ഞു. അതേസമയം, പ്രത്യേക കൗൺസിൽ നടത്താനായി പ്രതിപക്ഷം കോർപ്പറേഷനു സമർപ്പിച്ച ഒപ്പുകളിലും പൊരുത്തക്കേടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തണം. ഹാർബർ വാർഡിൽ രാജീവ് ഗാന്ധി ആവാസ് യോജന വഴി നിർമിച്ച കെട്ടിടങ്ങൾ പൊളിഞ്ഞുതുടങ്ങി. നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും മേയർ പറഞ്ഞു.

കൗൺസിലർമാർ നൽകിയത് അപേക്ഷമാത്രം -എസ്.പി.ദീപക്

പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ എൽ.ഡി.എഫ്. കൗൺസിലർമാർ നൽകിയ കത്തിൽ വ്യാജ ഒപ്പിട്ടുവെന്ന മേയറുടെ ആരോപണം കള്ളമാണെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പറഞ്ഞു. കൗൺസിലർമാർ നൽകിയത് അപേക്ഷ മാത്രമാണ്. അത് ഔദ്യോഗിക രേഖയല്ല. പ്രത്യേക കൗൺസിൽ യോഗം ചേരാനുള്ള അപേക്ഷ മേയർ നിരസിച്ചു. അപേക്ഷയും ഔദ്യോഗിക രേഖയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി മേയർ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.