കോട്ടയം: പെരുന്നയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്‌ളെക്‌സ് ബോർഡുകൾ. 'വർഗീയതക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിവാദ്യങ്ങൾ' എന്നാണ് ഫ്‌ളെക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തിന് സമീപവും പെരുന്ന മുതൽ കണിച്ചിക്കുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലും വ്യാപകമായി ഫ്‌ളെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നിവരുടെ പേരിലാണ് ഫ്‌ളെക്‌സ് ബോർഡുകൾ.

To advertise here,

എസ്എൻഡിപി ഐക്യ ആഹ്വാനത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിനു പിന്നാലെയാണ് ഫ്‌ളെക്‌സ് ബോർഡുകൾ ഉയർന്നത്. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് ഫ്‌ളെക്‌സ് ബോർഡുകൾ.

പെരുന്ന മുതൽ കണിച്ചുകുളങ്ങര വരെ ഇത്തരം ബോർഡുകൾ വ്യാപകമായി സ്ഥാപിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.

എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഇരു സംഘടനകളുടെയും നേതാക്കൾ വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചിരുന്നു. സതീശൻ വലിയ 'ഉമ്മാക്കി' ഒന്നുമല്ലെന്നും അദ്ദേഹത്തെ കോൺഗ്രസുകാർ വെറുതെ ഊതിവീർപ്പിച്ചതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇരു സംഘടനാ നേതാക്കളും സതീശനെ ഒരേപോലെ ആക്രമിക്കുന്ന ഒരു സാഹചര്യവും നിലനിന്നിരുന്നു. എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പാളിയതിനു പിന്നാലെയാണ് ഫ്‌ളെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.