ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും അഭിനന്ദിച്ച് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിന്റെ പ്രമേയം.

To advertise here,

സാമൂഹികമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവന്റെ ശാരീരിക ഘടനയെ വികലമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്ത വ്യക്തിക്കെതിരെ നിയമ നടപടി എടുത്തതിനാലാണ് അഭിന്ദനം. വിഷയത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സമയബന്ധിതമായി ഇടപെട്ടതായി യോഗം വിലയിരുത്തി.

സംഭവത്തിൽ, തുടർ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ സുഭാഷിനെതിരെയുളള എല്ലാ പരാതികളും അന്വേഷിക്കണം. സുഭാഷിന്റെ പേരാമംഗലത്തുള്ള സ്വകാര്യ ക്ഷേത്രത്തിലേക്ക് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഈ മാസം ആറിന് നടക്കുന്ന പ്രതിഷേധ മാർച്ചിനും ധർണയ്ക്കും യോഗം ഡയറക്ടർ ബോർഡിന്റെ പിന്തുണ പ്രഖ്യാപിച്ചു.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്‌ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും, 182 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരപ്രവർത്തനത്തെ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.

യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,യോഗം കൗൺസിലർമാർ,ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.