കോട്ടയം: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാർഥികളെയും ഉദ്യോഗസ്ഥരെയും സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തില്‍ വേറെയാരും നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ പാടില്ല. ഭീഷണിപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയാണ്. ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത രീതിയാണത്, സതീശൻ പറഞ്ഞു.

To advertise here,

സ്ഥാനാര്‍ഥി, തന്റെ ഒപ്പാണെന്ന് പറഞ്ഞിട്ടും അത് നിങ്ങളുടെ ഒപ്പ് അല്ലെന്ന് പറഞ്ഞ് നാമനിര്‍ദേശപത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളുന്ന വിചിത്രമായ കാലമാണ്. ആളുകളെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. നിങ്ങളെ തട്ടിക്കളയും, ഇല്ലാതാക്കിക്കളയും  എന്നൊക്കെ പറയുകയാണ്. വനിതാസ്ഥാനാര്‍ഥികളെ അവരുടെ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. ബിജെപി എന്ന ഫാസിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വ്യത്യസ്തമല്ല സിപിഎം. ഇതും ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ഖാദി ബോര്‍ഡിലെ അറ്റാച്ച്ഡ് ജീവനക്കാരിയാണെന്ന് പറഞ്ഞാണ് ആ പത്രിക തള്ളിയത്, സതീശന്‍ പറഞ്ഞു. കാസര്‍കോട്ടും കണ്ണൂരും ഇതുപോലുള്ള നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ഇതേ ജോലി ചെയ്യുന്നവരാണ് അവര്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ, നാമനിര്‍ദേശ പത്രിക പിഴവ് തിരുത്താന്‍ തിരിച്ചുകൊടുക്കാറുണ്ട്. എന്നാല്‍, എറണാകുളം ജില്ലാ പഞ്ചായത്തില്‍, കടമക്കുടി ഡിവിഷനില്‍, സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക തിരുത്തി തിരിച്ചുവന്നപ്പോള്‍ അവരെ അകത്തു കയറ്റിയില്ല. അവര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ പോലീസും മറ്റും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. എന്ത് തോന്ന്യാസവും കാണിക്കാമെന്ന രീതിയിലാണ്. എന്ത് കാണിച്ചാലും സിപിഎം ജയിക്കില്ല. ജയിക്കാന്‍ പോകുന്നത് യുഡിഎഫാണ്. യുഡിഎഫ് അധികാരത്തിൽവരും. സംശയം വേണ്ട, സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം സാധാരണ തിരഞ്ഞെടുപ്പുകാലത്തുണ്ടാകുന്ന പത്തിലൊന്ന് പ്രശ്‌നങ്ങള്‍ ഇത്തവണയില്ലെന്നും സതീശന്‍ പറഞ്ഞു. ഏറ്റവും കുറവ് വിഷയങ്ങളാണ് ഇത്തവണയുള്ളത്. അതേസമയം, ഒരുകാലത്തും ഇല്ലാതിരുന്ന വിമതശല്യമാണ് സിപിഎമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.