
പാലക്കാട്: ചിറയിൻകീഴിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതുപോലെയുള്ള സാധാരണ വിഷയങ്ങൾ മാത്രമാണെന്നും അത് സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം.
ചിറയിൻകീഴിലെ കൈയ്യാങ്കളി അന്വേഷക്കുന്ന കെപിസിസി അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരാകാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിയിലേക്ക് പോകാതിരുന്നതെന്നും ടിക്കറ്റുകൾ അടക്കം നേരത്തെ ബുക്ക് ചെയ്തിരുന്നതാണെന്നും രമ്യ വ്യക്തമാക്കി.
‘ഡിസിസി അധ്യക്ഷന്റെ മകളുടെ കല്യാണമാണ്. നേരത്തെ തീരുമാനിച്ചതാണ്. ഡൽഹിയിലേക്ക് പോകാനുള്ള ടിക്കറ്റുകളും കാര്യങ്ങളും ഒക്കെ എടുത്തിരുന്നു. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ട് കാരണം പോയിട്ടില്ല’, അവർ പറഞ്ഞു.
തുടർന്ന് ചിറയിൻകീഴിലെ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നൽകുന്ന വാർത്തകളെ രമ്യ വിമർശിച്ചു. രണ്ടു ദിവസമായി ഉള്ളതും ഇല്ലാത്തതുമെല്ലാം മാധ്യമങ്ങൾ പറയുകയാണെന്നും ഇനി നിങ്ങൾക്കെന്നെ വിടാമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലെ മറ്റ് നടപടികളെക്കുറിച്ചോ കൂടുതൽ പ്രതികരണങ്ങൾക്കോ തയ്യാറാകാതിരുന്ന രമ്യ ഹരിദാസ്, കല്യാണ മണ്ഡപത്തിലേക്ക് കയറിപ്പോകുകയായിരുന്നു.
നേരത്തെ ചിറയിൻകീഴിൽ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രമ്യാ ഹരിദാസിനും ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തിനും എതിരേ നടപടിക്ക് സാധ്യതയുണ്ട്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഇരുവിഭാഗവും നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എം.എൽ.എ. അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും കണ്ടെത്തി.
Published: 07 Sept 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented