
തിരുവനന്തപുരം: ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ തന്റെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് ശരിയായ രീതിയല്ലെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ വിളിച്ചതെന്നും എന്നാൽ, വാടകകാലാവധി കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നാണ് അവർക്ക് മറുപടി നൽകിയതെന്നും വി.കെ. പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
''നഗരസഭയുടെ കെട്ടിടത്തിലാണ് എംഎൽഎ ഓഫീസുള്ളത്. അതിന് മുൻഭാഗത്തെ കെട്ടിടത്തിൽ കൗൺസിലറുടെ ഓഫീസും. കഴിഞ്ഞ ഏഴുവർഷമായി കൗൺസിലർമാരും എംഎൽഎയും ഒരുമിച്ചാണ് ഓഫീസ് പ്രവർത്തനവുമായി മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തന്റേത് ചെറിയ ഓഫീസാണെന്നും സൗകര്യം പോരെന്നും കുറച്ചുകൂടി സൗകര്യത്തിനായി എംഎൽഎയുടെ ഓഫീസ് മാറിത്തരണമെന്നും പറഞ്ഞു. വാടകകാലാവധിയുണ്ടെന്ന് ഞാൻ പറഞ്ഞു. അത് കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നും മറുപടി പറഞ്ഞു.
ഇത് ശരിയായ രീതിയല്ല. മുൻ മേയറായ ആളാണ് ഞാൻ. കെട്ടിടം നിർമിച്ചതും ഉദ്ഘാടനംചെയ്തതും ഞാൻ തന്നെയാണ്. പക്ഷേ, അതൊരു അവകാശവാദമല്ല. പക്ഷേ, ഒരു സാമാന്യമര്യാദയുണ്ടല്ലോ. ഒരു നഗരസഭാ കൗൺസിലിന്റെ തീരുമാനമാണിത്. അങ്ങനെയാണെങ്കിൽ ആ തീരുമാനം റദ്ദ് ചെയ്യണം. സെക്രട്ടറി ഞങ്ങൾക്ക് നോട്ടീസ് നൽകണം. ഇങ്ങനെ നിയമപരമായ നടപടി പാലിച്ചുകൊണ്ടാണ് വാടകക്കാരെ മാറ്റേണ്ടത്. ഇതൊന്നും പാലിക്കാതെ കൗൺസിലർ വിളിച്ച് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് പറയുന്ന സ്ഥിതിയിലേക്ക് പോയത് ബന്ധപ്പെട്ടവർ പരിശോധിക്കണം. അത് ശരിയാണോ എന്ന് പരിശോധിക്കണം.
പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ. ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ. അത് അവർ മനസിലാക്കുന്നത് നന്നായിരിക്കും. കാലാവധി കഴിയട്ടെ, അപ്പോൾ ആലോചിക്കാം. അതിന് മുൻപ് ഒഴിപ്പിക്കണമെങ്കിൽ ഒഴിപ്പിച്ചോ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കേണ്ടേ. അവർക്ക് അധികാരം കിട്ടിയെന്ന് പറഞ്ഞ് ഇനിമുതൽ ഇവിടെ ആരും ശബ്ദിക്കേണ്ട എന്നുപറയുന്ന നിലപാടൊന്നും അംഗീകരിക്കാനാകില്ല'', വി.കെ. പ്രശാന്ത് പറഞ്ഞു.
ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശ്രീലേഖ ഫോണിൽ വിളിച്ച് പറയുക മാത്രമാണുണ്ടായതെന്നും എംഎൽഎ വ്യക്തമാക്കി.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീലേഖ കഴിഞ്ഞദിവസം എംഎൽഎയെ ഫോണിൽ വിളിക്കുകയുംചെയ്തിരുന്നു.
Content Highlights: V.K. Prasanth, Vattiyoorkavu MLA, criticizes BJP Councillor R. Sreelalekha for demanding his office be vacated without proper procedure. Calls for respectful conduct.
Published: 28 Dec 2025, 10:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented