ഹരിപ്പാട്: കായംകുളം താപനിലയത്തിൽ അഞ്ചരവർഷത്തിനുശേഷം വൈദ്യുതി ഉത്പാദിപ്പിച്ചു. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണ ഉത്പാദനം വ്യാഴാഴ്ച വൈകീട്ട് 4.40-നു തുടങ്ങി രാത്രി 10 വരെ തുടർന്നു. 100 മെഗാവാട്ടോളം വൈദ്യുതിയാണ് ഇതിലൂടെ സൗജന്യമായി സംസ്ഥാനത്തിനു നൽകിയത്.

To advertise here,

രണ്ടുവർഷം മുൻപു മുതൽ മെഥനോൾ ഇന്ധനമാക്കാനുള്ള പരീക്ഷണം കായംകുളത്തു തുടങ്ങിയിരുന്നു. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനമാണു വ്യാഴാഴ്ച നടത്തിയത്.

നാഫ്ത ഇന്ധനമായുള്ള 360 മെഗാവാട്ട് പദ്ധതിയാണ് കായംകുളത്തുള്ളത്. നാഫ്തയുടെ ഉയർന്ന വിലകാരണം 2017 മുതൽ കായംകുളം വൈദ്യുതി വാങ്ങുന്നതിൽനിന്ന് കെ.എസ്.ഇ.ബി. പിന്നോട്ടുപോയിരുന്നു.

സംഭരിച്ചിരുന്ന നാഫ്ത ഉപയോഗിച്ചുതീർക്കാനായി 2021-ലാണ് അവസാനമായി വൈദ്യുതി ഉത്പാദിപ്പിച്ചത്. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടാൽ ഉത്പാദനം പുനരാരംഭിക്കാമെന്ന കരാറോടെ നിലയം പിന്നീട് അടയ്ക്കുകയായിരുന്നു.

രാജ്യത്താദ്യമായി വൈദ്യുതോത്പാദനത്തിന് മെഥനോൾ ഉപയോഗിക്കാനുള്ള പരീക്ഷണം നടന്നത് കായംകുളം നിലയത്തിലായിരുന്നു. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡുമായാണ് (ഭെൽ) എൻ.ടി.പി.സി. കരാറിലേർപ്പെട്ടത്. മെഥനോൾ ജ്വലിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കൽ തുടങ്ങി പദ്ധതിയുടെ പൂർണചുമതല ഭെല്ലിനാണ്.

കൽക്കരിനിലയങ്ങളിൽനിന്ന് മെഥനോൾ ഉത്പാദിപ്പിക്കാം

രാജ്യത്തെ 27 കൽക്കരിനിലയങ്ങളിലൂടെ 52,610 മെഗാവാട്ട് വൈദ്യുതിയാണ് എൻ.ടി.പി.സി. ഉത്പാദിപ്പിക്കുന്നത്. അതുവഴി വൻതോതിൽ മെഥനോൾ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും അതുപയോഗിച്ചുള്ള പദ്ധതികളുമാണ് എൻ.ടി.പി.സി. വിഭാവനം ചെയ്യുന്നത്. പ്രകൃതിവാതകത്തിന്റെയും നാഫ്ത ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെയും ലഭ്യതക്കുറവും ഉയർന്ന വിലയും മറികടക്കാൻ കൂടിയാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിലക്കുറവും ലഭ്യതയും മെഥനോളിന്റെ മേന്മയാണ്. നിലയത്തിന്റെ ശേഷി 360 മെഗാവാട്ടാണെങ്കിലും മെഥനോൾ ഉപയോഗിക്കുമ്പോൾ 40 മുതൽ 50 വരെ ശതമാനം ശേഷിയിലേ പ്രവർത്തിപ്പിക്കാനാകൂ.