തിരുവനന്തപുരം: വാന്‍ ഹായ് കപ്പലപകടത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരമേഖലയില്‍ വ്യാപകമായി എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ(ഇന്‍കോയ്സ്) മുന്നറിയിപ്പ്. മലിനകാരിയായ നൂറുടണ്‍ ബങ്കര്‍ ഓയില്‍ കപ്പലിലുണ്ടെന്നാണ് വിവരം. കടലിലേക്കുവീണ കണ്ടെയ്നറുകള്‍ കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രം അറിയിച്ചു.
കണ്ടെയ്നറുകള്‍ മൂന്നുദിവസം കടലില്‍ ഒഴുകിനടക്കാനാണ് സാധ്യത. ബങ്കര്‍ ഓയില്‍ അപകടകാരിയാണ്. ഇതു ചൊവ്വാഴ്ച വൈകീട്ടോടെ തീരമേഖലയ്ക്കു സമാന്തരമായി ഒഴുകിപ്പരന്നേക്കും. ബുധനാഴ്ച വൈകീട്ടോടെ ഇതിന്റെ പ്രവാഹം കൂടും. വ്യാഴം, വെള്ളി ദിവസങ്ങളിലും ഇതേ ദിശയില്‍ത്തന്നെയായിരിക്കും പ്രവാഹമെന്നും ഇന്‍കോയ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എംവി വാന്‍ ഹായ് 503 എന്നത് താരതമ്യേന ചെറിയ ചരക്കുകപ്പലാണ്. വലിയ ചരക്കുകപ്പലുകള്‍ വലിയ തുറമുഖങ്ങളില്‍ ഇറക്കുന്ന കണ്ടെയ്‌നറുകളെ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുകയാണ് ഇത്തരം ചെറുചരക്കുകപ്പലുകള്‍ (ഫീഡര്‍ മെര്‍ക്കന്റൈല്‍ വെസലുകള്‍) ചെയ്യുന്നത്. കൊളംബോ (ശ്രീലങ്ക), നവ ഷേവ (മുംബൈ), പോര്‍ട്ട് ക്‌ളാങ് (മലേഷ്യ), സിങ്കപ്പൂര്‍, ഖൗസിയുങ് (തയ്വാന്‍), ഹോങ് കോങ്, ഷെയ്‌ഖോ (ചൈന), സിങ്കപ്പൂര്‍ എന്നതാണ് വാന്‍ ഹായ് 503-ന്റെ യാത്രാ റൂട്ട്.
തിങ്കളാഴ്ചത്തെ കപ്പലപകടത്തിന് കാരണം തീപിടിച്ചതാണെന്നും 50 കണ്ടെയ്‌നര്‍ കടലില്‍ വീണെന്നുമാണ് പ്രാഥമിക വിവരമെന്നും തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്നു. തുടര്‍ദൗത്യം കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലാണ് നടക്കേണ്ടത്. ഉള്‍ക്കടലില്‍ നടക്കുന്ന അപകടങ്ങളില്‍ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളും മത്സ്യബന്ധന പ്രശ്‌നങ്ങളുമാണ് സംസ്ഥാനം നോക്കുന്നത്. എന്തുകൊണ്ടാണ് തീപ്പിടിത്തം ഉണ്ടായതെന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. കപ്പലപകടങ്ങളില്‍ സംസ്ഥാനത്തിന് നഷ്ടങ്ങള്‍ ഉണ്ടായത് ക്ലെയിംചെയ്തു വാങ്ങാനുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിക്കുക.
Content Highlights: Indian National Centre for Ocean Information Services (INCOIS) warns of potential oil spill
Published: 10 Jun 2025, 06:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented