പോലീസിന്റെ നടപടികളിൽ തൃപ്തരാണെന്ന് എഡിജിപിയുമായുള്ള ചർച്ചയ്ക്ക് ശേഷം കുടുംബം പറഞ്ഞു

കൊച്ചി: ഒരു വാഹനാപകടം എന്നതിനപ്പുറം കേരളത്തെ കണ്ണുതുറപ്പിക്കുന്ന വിഷയമായി ചേരാനല്ലൂർ സംഭവം മാറ്റിയതിനുപിന്നിൽ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. കേസിൽ പോലീസിന് വീഴ്ചയുണ്ടായതായും നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തലകൂടി വ്യക്തമാക്കുകയും നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തത് കുടുംബത്തിന്റെ ആരോപണങ്ങൾ ഒന്നൊന്നായി സർക്കാർ ശരിവെയ്ക്കുന്നതിന് തുല്യമായി. ഒരു വാഹനനാപകടക്കേസിൽ പോലീസിന്റെ വീഴ്ച അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. നേരിട്ടെത്തിയെന്ന പ്രത്യേകതയും ചേരാനല്ലൂർ സംഭവത്തിനുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സംഭവങ്ങളിൽ സർക്കാർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായത്. അച്ഛന്റെ മരണത്തിന് നീതിതേടി മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും ഭാഗ്യദർശനും പോലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ സമരവും അധികൃതരുടെ കണ്ണുതുറപ്പിച്ചു.
പ്രത്യേക സംഘവുമായി എ.ഡി.ജി.പി.യെത്തി
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എ.ഡി.ജി.പി. പി. വിജയൻ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്കെത്തുന്നത്. പോലീസ് വീഴ്ച അന്വേഷിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അതിനായി സി.ഐ. അടക്കമുള്ള ഒരുസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അദ്ദേഹം ഒപ്പം കൊണ്ടുവന്നിരുന്നു.
കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിയെന്നോ പോലീസ് എന്നോ വ്യത്യാസം ഇതിലില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എല്ലാവരും നേരിടേണ്ടിവരും. എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാർ, എന്നിവയെല്ലാം പരിശോധിക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നത്-ഇത്രയും കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞശേഷമായിരുന്നു അദ്ദേഹം സ്റ്റേഷനിലേക്ക് കയറിയത്. സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമെത്തി.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിലെത്തിയ എ.ഡി.ജി.പി., അപകടംനടന്ന പുലർച്ചെ 2.20-ന് കണ്ടെയ്നർ റോഡിൽ ഉണ്ടായ അപകടം മുതൽ തുടർന്നുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അപകടത്തിനുശേഷം പ്രതിയുമായി സ്റ്റേഷനിലെത്തുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. ഒരുമണിക്കൂറിനു ശേഷം അപകടസ്ഥലവും സന്ദർശിച്ചശേഷമാണ് ചിറ്റൂരിലുള്ള ജയബാലകൃഷ്ണന്റെ വീട്ടിലേക്ക് എ.ഡി.ജി.പി. പോയത്.
ആശങ്കകൾ അറിയിച്ച് കുടുംബം
എ.ഡി.ജി.പി. ചിറ്റൂരിലെ ജയബാലകൃഷ്ണന്റെ വീട്ടിലെത്തുമ്പോൾ അവിടെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. എ.ഡി.ജി.പി.യോട് പൊട്ടിക്കരഞ്ഞാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും മറ്റുള്ളവരും പോലീസ് വീഴ്ചകൾ വിവരിച്ചതും നീതി ആവശ്യപ്പെട്ടതും. ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ തുടക്കം മുതൽ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ചകളുടെ പരന്പരയുണ്ടായി. ദുർബലവകുപ്പുകൾ ചുമത്തി എഫ്.ഐ.ആറിട്ടതും പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതും കാറിന്റെ ഉടമയും പ്രതിയുടെ പിതാവുമായ ജില്ലാ ജഡ്ജിയുടെ പേരിൽ കേസെടുക്കാൻ വൈകിയതും ഇതിൽ ചിലതായിരുന്നു. ജയബാലകൃഷ്ണന്റെ ബന്ധുവെടുത്ത പ്രതിയുടെ ദൃശ്യങ്ങൾ പോലീസ് തന്നെ ഡിലീറ്റ് ചെയ്തു, അപകടശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളും ബന്ധുക്കൾ ഉന്നയിച്ചു. സ്റ്റേഷനിലേക്ക് വീണ്ടും സമരം വ്യാപിപ്പിക്കാൻ കുടുംബം തീരുമാനിച്ചതോടെയാണ് നടപടിക്ക് നിർബന്ധിതമായത്. പ്രതിഷേധവും ജനരോഷവും തണുപ്പിക്കാൻ കൂടിയാണ് എ.ഡി.ജി.പി. ചൊവ്വാഴ്ച ചേരാനല്ലൂരിലെത്തിയത്.
സമരം തത്കാലത്തേക്ക് നിർത്തി കുടുംബം
ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ചേരാനല്ലൂർ സ്റ്റേഷനിൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ സമരം തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ധാരണയായി. പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ തൃപ്തരാണെന്നും കോടതി നടപടികൾ അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നതായും ചർച്ചയ്ക്കുശേഷം കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കാറോടിച്ച പതിനേഴുകാരനെയും അച്ഛനായ ജഡ്ജിയെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമെന്നു ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. പതിനേഴുകാന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരും. ഇയാളുടെ അച്ഛനായ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ജയബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം വൈകീട്ട് അഞ്ചോടെയാണ് മക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തിയത്. ഇവർക്കൊപ്പം വക്കീലും വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകരുമുണ്ടായിരുന്നു. എന്നാൽ, മക്കളെയും അവരുടെ വക്കീലിനെയും മാത്രമാണ് പോലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്. തുടർന്നു ഗേറ്റ് അടയ്ക്കുകയും ചെയ്തു.ഇതോടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷനു പുറത്ത് ബഹളം വയ്ക്കുന്നതിന് ഇതു കാരണമായി.
എട്ടുമണിയോടെ ബന്ധുക്കളെയും അകത്തേക്ക് കടത്തിവിട്ടതോടെയാണ് ബഹളം അവസാനിച്ചത്. സർക്കാരും പോലീസും എടുത്തിട്ടുള്ള നടപടികൾ രേഖാമൂലം വേണമെന്ന ആവശ്യമാണ് ചർച്ച നീണ്ടുപോകുന്നതിനു കാരണമായത്. രാത്രി ഒൻപതോടെയാണ് ചർച്ച അവസാനിച്ചത്.
നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച്
ചേരാനല്ലൂർ അപകടത്തിൽ കേസന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പും പരിശോധനയും തുടങ്ങി. പ്രതിയായ കൗമാരക്കാരന്റെയും അമ്മയുടെയും മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തി. ഇവരുടെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. പ്രതിയുടെ പിതാവും കേസിൽ പ്രതിചേർക്കപ്പെട്ട ജഡ്ജിയുടെയും മൊഴിയെടുത്തിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കാർ അമിതവേഗത്തിലല്ലായിരുന്നുവെന്നും മഴയുണ്ടായിരുന്നുവെന്നും സംഭവസ്ഥലത്ത് വെള്ളക്കെട്ടുണ്ടായിരുന്നെന്നും പതിനേഴുകാരൻ മൊഴി നൽകിയതായാണ് വിവരം. മരിച്ച ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടർ കണ്ടില്ലെന്നതുൾപ്പെടെ നേരത്തേ പോലീസിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
അതിനിടെ പ്രതിയായ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ വിധിക്കെതിരേ പോലീസ് അപ്പീൽ നൽകിയിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതോടൊപ്പം മറ്റ് തെളിവുകളുടെ ശേഖരണവും ക്രൈംബ്രാഞ്ച് തുടങ്ങി. അപകടസ്ഥലം സന്ദർശിക്കുകയും ആഡംബര കാർ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സംഭവദിവസം പുലർച്ചെ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാർ ഓടിച്ച്ുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പുലർച്ചെ 1.36-ന് കാറുമായി പോകുന്നതാണ് ദൃശ്യങ്ങൾ. 2.20-ഓടെയായിരുന്നു ജയബാലകൃഷ്ണന്റെ ജീവനെടുത്ത അപകടം. നേരത്തേ വാഹനം അമിതവേഗത്തിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ജഡ്ജിക്കെതിരേ നടപടി തുടങ്ങി എം.വി.ഡി.
കാക്കനാട്: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറിന്റെ ഉടമയും കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവുമായ ജഡ്ജിക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടികൾ ആരംഭിച്ചു. 17-കാരന് വാഹനം നൽകിയ സംഭവത്തിൽ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുടെ ഭാഗമായി ജഡ്ജിക്ക് ഉടൻ ഷോക്കോസ് നോട്ടീസ് അയക്കും.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനീഷ് കുമാറിന്റെ പരിശോധനാ റിപ്പോർട്ട് എറണാകുളം ആർ.ടി.ഒ. ടി.എം. യൂസഫിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഉടമ വിശദീകരണം നൽകേണ്ടതുണ്ട്.
മറുപടി തൃപ്തികരമല്ലെങ്കിൽ നേരിട്ട് ഹിയറിങ്ങിന് വിളിക്കും. മറുപടി നൽകിയില്ലെങ്കിലും നിയമാനുസൃതമായ നടപടികളുമായി മുന്നോട്ടുപോകും. മോട്ടോർ വാഹനനിയമത്തിലെ 199 എ വകുപ്പ് പ്രകാരമാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.
25 വയസ്സ് വരെ ലൈസൻസിന് വിലക്ക് ആഡംബര കാറോടിച്ച 17-കാരന് ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് കർശന നിയന്ത്രണമേർപ്പെടുത്തും. പ്രായപൂർത്തിയാകുമ്പോൾ ലൈസൻസിന് അപേക്ഷിക്കുന്നത് തടയുന്നതിനായി കേന്ദ്ര സർക്കാരിന്റെ 'സാരഥി' പോർട്ടലിൽ വിലക്ക് രേഖപ്പെടുത്തും. ഇതനുസരിച്ച് 25 വയസ്സ് തികയുന്നതുവരെ യുവാവിന് ലൈസൻസ് ലഭിക്കില്ല. മോട്ടോർ വാഹനനിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് സാരഥി വെബ്സൈറ്റ് വഴി ഈ നടപടി സ്വീകരിക്കുന്നത്.
മെക്കാനിക്കൽ തകരാറുകളില്ല
പോലീസ് കസ്റ്റഡിയിലുള്ള ആഡംബര കാറിന്റെ സാങ്കേതിക പരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകരുകയും റേഡിയേറ്ററും കണ്ടൻസറും അകത്തേക്ക് ചതഞ്ഞുകയറുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വാഹനത്തിന് മറ്റ് മെക്കാനിക്കൽ തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അമിതവേഗത്തിലാണ് വാഹനം ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന് നേരത്തേ ഒന്നിലധികം ഉടമകളുണ്ടായിരുന്നുവെന്നും 2022 ജൂണിലാണ് ഉടമസ്ഥാവകാശം ജഡ്ജിയുടെ പേരിലേക്ക് മാറ്റിയതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ജഡ്ജിക്കെതിരായ നടപടിയിൽ തീരുമാനമായില്ല
കൊച്ചി: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചസംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരായ നടപടിയിൽ ഇതുവരെ തീരുമാനമായില്ല.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേരുന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അപകടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെ ജുഡീഷ്യൽ ഓഫീസറെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഇതിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. അതേസമയം കേസിൽ പ്രതിയായ ജുഡീഷ്യൽ ഒാഫീസർക്കെതിരായ തുടർ നടപടികൾക്ക് പോലീസിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാർ ജുഡീഷ്യൽ ഓഫീസറുടെ ഉടമസ്ഥതയിലായതിനാൽ പ്രഥമദൃഷ്ട്യാ മോട്ടോർ വാഹനനിയമം വകുപ്പ് 199 എ പ്രകാരം ജുഡീഷ്യൽ ഓഫീസർ പ്രതിയാകുമെന്ന് ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് ജുഡീഷ്യൽ ഓഫീസർ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയതും തെറ്റായ നടപടിയായി എന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും ജുഡീഷ്യൽ ഒാഫീസറെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നുമായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
സഭയിൽ ബഹളം
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിന്റെകൂടി പശ്ചാത്തലത്തിൽ പോലീസ് അതിക്രമങ്ങളെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ഇങ്ങിപ്പോയി.
പോലീസിന്റെ മനംമാറിയില്ല -പിണറായി: ഞങ്ങൾക്കും സമ്പന്നർക്കും ഇരട്ടനീതിയാണോയെന്ന് മരിച്ചയാളുടെ മക്കളാണ് ചോദിക്കുന്നത്. ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തെങ്കിലും പോലീസ് മനോഭാവം മാറ്റാത്തതാണ് ചേരാനല്ലൂരിൽ കണ്ടത് -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
ജഡ്ജി സ്റ്റേഷനിൽപ്പോയത് തെറ്റ് -ചെന്നിത്തല: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോകാൻ പാടില്ലായിരുന്നു. ജഡ്ജി ചെയ്തത് വലിയ തെറ്റാണ്. മോശമായി പെരുമാറി. ചെയ്യാൻ പാടില്ലാത്തതു ചെയ്തു. ജഡ്ജിയുടെപേരിൽ നടപടിവേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹൈക്കോടതിക്കാണ് അതിനുള്ള അധികാരം. കുടുംബത്തെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും -മന്ത്രി പറഞ്ഞു.
Content Highlights: Relentless protests by the family of Cheranalloor crash victim Jayabalakrishnan led to direct intervention by ADGP P Vijayan, suspension of four erring police officers, and strict legal proceedings against the accused minor and judge.
Published: 28 Oct 2026, 10:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented