വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗത ക്രമീകരണത്തിനായി സ്ഥാപിച്ച താത്കാലിക ഡിവൈഡർ കാറ്റിൽ പറന്ന് കാറിലിടിച്ചു. ഡിവൈഡർ പറന്നുവരുന്നത് കണ്ട് കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. കാറിലുണ്ടായിരുന്ന സ്‌കേറ്റിങ് താരങ്ങളായ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു.

To advertise here,

ദേശീയ താരമായ അനയ അനീഷ് (15), അമിയ (12) എന്നിവർക്കാണ് പരിക്കേറ്റത്. കാറോടിച്ച അമിയയുടെ അമ്മ മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മേധാവി കൂടിയായ ഡോ. സുമി ജോയി ഓലിയപ്പുറം, മറ്റൊരു സ്‌കേറ്റിങ് താരവും അനയയുടെ അമ്മയുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

തിരുപ്പൂരിൽ സ്‌കേറ്റിങ് പരിശീലനം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. സുമി ജോയിയാണ് കാറോടിച്ചിരുന്നത്. കാറ്റിൽ ഡിവൈഡർ പറന്നുവരുന്നത് കണ്ട് ഭയന്ന് കാർ പെട്ടെന്ന് നിർത്തിയെങ്കിലും ഡിവൈഡർ കാറിനു മുകളിൽ വീഴുകയായിരുന്നെന്ന് സുമി ജോയി പറഞ്ഞു. ഡിവൈഡർ അപകടത്തിനിടയാക്കിയത് ചൂണ്ടിക്കാട്ടി സുമി ജോയി ദേശീയപാതാ അതോറിറ്റിക്കെതിരേ വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരക്ഷയില്ലാതെ ദേശീയപാതാ യാത്ര

പാലക്കാട് ദിശയിലേക്കുള്ള മേൽപ്പാലത്തിൽ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കുന്ന ജോലി നടക്കുന്നുണ്ട്. ഇതേത്തുടർന്നാണ് തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ ഡിവൈഡറുകൾ വെച്ച് ഇരുഭാഗത്തേക്കും ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ഡിവൈഡറുകൾ തമ്മിൽ കയർ കെട്ടി ബന്ധിപ്പിച്ചിരുന്നെങ്കിലും ഭാരമില്ലാത്തതിനാൽ കാറ്റിൽ പറക്കുകയായിരുന്നു.

പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിക്കുമ്പോൾ ഭാരത്തിനായി ഉള്ളിൽ വെള്ളമോ മണലോ നിറയ്ക്കാറുണ്ട്. എന്നാൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ഡിവൈഡറിൽ ഒന്നിൽപ്പോലും ഇതില്ല. പാതയിൽ മതിയായ സുരക്ഷാ സംവിധാനമൊരുക്കണമെന്ന് ദേശീയപാതയുടെ പരിപാലന ചുമതലയുള്ള കരാർ കമ്പനിയോട് വടക്കഞ്ചേരി പോലീസ് ആവശ്യപ്പെട്ടു.

മുന്നറിയിപ്പ് സംവിധാനം അപര്യാപ്തം

മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടുന്നതിനായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സംവിധാനവും കൃത്യമല്ല. തൃശ്ശൂർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ വടക്കഞ്ചേരി മേൽപ്പാലം എത്തുന്നതിനു മുൻപ് തിരിഞ്ഞ് എതിർ ട്രാക്കിലേക്ക് പ്രവേശിച്ചാണ് പോകേണ്ടത്. എന്നാൽ ഇത്തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത് അടുത്തെത്തുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളു.

ഈ സമയത്ത് വാഹനങ്ങൾ പെട്ടെന്ന് നിർത്തി തിരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് പലപ്പോഴും പിന്നിൽ വരുന്ന വാഹനം ഇടിക്കാൻ കാരണമാകുന്നുണ്ട്. ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമ്പോൾ വാഹനങ്ങൾ തിരിയേണ്ട സ്ഥലം എത്തുന്നതിന് ഏറെ മുൻപ് തന്നെ മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കാറുള്ളതാണ്.