കണ്ണൂർ: തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും സി.പി.എമ്മിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ. താൻ ചെയ്ത തെറ്റ് എന്താണെന്ന് പാർട്ടി കൃത്യമായി ബോധ്യപ്പെടുത്തിയാൽ മാത്രമേ അത് തിരുത്താൻ സാധിക്കൂ എന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

To advertise here,

തനിക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്ക് ആധാരമായ തെറ്റ് എന്താണെന്ന് സി.പി.എം നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അച്ചടക്ക നടപടിക്ക് വിധേയരാകുന്നവർക്കെതിരെ 'വർഗവഞ്ചകൻ', 'കോടാലിക്കൈ', 'ഒറ്റുകാരൻ' തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തുന്നത് സി.പി.എമ്മിന്റെ എല്ലാക്കാലത്തെയും സമീപനമാണ്. അത്തരം പദാവലികൾ പാർട്ടിയുടെ നിഘണ്ടുവിലുള്ളതാണ്. തെറ്റ് ചൂണ്ടിക്കാണിക്കാതെ തിരുത്താൻ കഴിയില്ലെന്നും ആദ്യം താൻ ചെയ്ത തെറ്റ് എന്താണെന്ന് നേതൃത്വം വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖം, പി.എം.ശ്രീ തുടങ്ങിയ സമീപകാല വിഷയങ്ങളുമായി തനിക്കെതിരെയുള്ള അച്ചടക്ക നടപടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പുതിയ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ ശിക്ഷാനടപടിക്ക് കാരണമായ കാര്യങ്ങൾ പാർട്ടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ എന്നും ഒരു കമ്യൂണിസ്റ്റായി തുടരുമെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. തന്നെ ബോധപൂർവം യു.ഡി.എഫുകാരനാക്കി ചിത്രീകരിക്കാനാണ് സി.പി.എമ്മും ദേശാഭിമാനിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.