മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിൽ മത്സരിക്കും. വി. അബ്ദുറഹിമാന്റെ ആവശ്യത്തിനുമുന്നിൽ സിപിഎം ഒടുവിൽ വഴങ്ങിയെന്നാണ് വിവരം. 'എല്ലാവർക്കും സ്വന്തം നാട്ടിൽ മത്സരിക്കാൻ ആഗ്രഹമുണ്ടാകില്ലേ' എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അബ്ദുറഹിമാന്റെ പ്രതികരണം. പെരുന്നാൾ കഴിഞ്ഞാൽ പ്രചരണത്തിനിറങ്ങുമെന്നും ഒരു തിരൂർക്കാരൻ എന്നനിലയിൽ തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

വ്യാഴാഴ്ച സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുശേഷമാണ് വി. അബ്ദുറഹിമാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

''ഞങ്ങളുടെ നാട് എന്നും പിന്നാക്കമാണ്. നിരവധി എംഎൽഎമാർ വന്നു, മന്ത്രിമാർ വന്നു, എന്നിട്ടും വികസനമുണ്ടായില്ല. മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളും നല്ലരീതിയിൽ വികസിച്ചു. പക്ഷേ, തിരൂർ പിന്നോട്ടുപോയി. ആ പ്രദേശത്തെ ആളെന്നനിലയിൽ അത് മാറ്റുകയെന്നതാണ് ദൗത്യം. തിരൂരിന്റെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഒരു തിരൂർക്കാരൻ എന്നനിലയിൽ ഞാൻ ആഗ്രഹിക്കുന്നത്'', വി. അബ്ദുറഹിമാൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച സിപിഎം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ വി. അബ്ദുറഹിമാനെ താനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായാണ് വീണ്ടും പ്രഖ്യാപിച്ചത്. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ഇതുവരെ അബ്ദുറഹിമാൻ പ്രചാരണത്തിനിറങ്ങിയില്ല. ഇതോടെയാണ് വി. അബ്ദുറഹിമാന്റെ നീരസം ചർച്ചയായത്. നേരത്തേ സ്വന്തം നാടായ തിരൂരിൽ മത്സരിക്കണമെന്ന് ആഗ്രഹം വി. അബ്ദുറഹിമാൻ സിപിഎം നേതൃത്വത്തോട് പങ്കുവെച്ചിരുന്നതായാണ് വിവരം. എന്നാൽ, 2016-ൽ ലീഗിൽനിന്ന് താനൂർ മണ്ഡലം പിടിച്ചെടുക്കുകയും 2021-ൽ അവിടെ വിജയം ആവർത്തിക്കുകയുംചെയ്ത അബ്ദുറഹിമാനെ സിപിഎം വീണ്ടും താനൂരിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.

സിപിഎം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പട്ടികയിൽ തിരൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. വി. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുന്നതോടെ ഇനി താനൂരിൽ പുതിയ എൽഡിഎഫ് സ്ഥാനാർഥി ആരാകുമെന്നതിലും ആകാംക്ഷ തുടരുകയാണ്.