തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം നീണ്ടുപോകുന്നതിനിടെ, സര്‍ക്കാരിനെ വെട്ടിലാക്കാന്‍ യുഡിഎഫ് കരുനീക്കം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇവരുടെ ഓണറേറിയം വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.
പ്ലാന്‍ ഫണ്ടില്‍നിന്നോ തനതുഫണ്ടില്‍നിന്നോ ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മറ്റു സമാന തൊഴില്‍ചെയ്യുന്നവര്‍ക്കും ഓണറേറിയവും ഇന്‍സന്റീവും നല്‍കണമെന്നു നിര്‍ദേശിച്ച് രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടന കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.നിയമവശം പരിഗണിച്ചാകും അന്തിമതീരുമാനം.
കോണ്‍ഗ്രസ് തലത്തില്‍ തീരുമാനം എടുത്തശേഷം യുഡിഎഫ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണിയുടെ പൊതുതീരുമാനമായി നടപ്പാക്കാണ് ആലോചന.
കോണ്‍ഗ്രസ് ഭരിക്കുന്ന ഏതാനും പഞ്ചായത്തുകള്‍ ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 2000 രൂപ വീതം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശവര്‍ക്കാര്‍മാരുടെ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലേക്ക് സമരവും നടക്കും.
ഐഎന്ടിയുസിക്കെതിരേ വിമര്‍ശം
ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ് ഐഎന്‍ടിയുസിയുടെ മാസികയില്‍ ലേഖനം വന്നതില്‍ പാര്‍ട്ടിയില്‍ വിമര്‍ശനം. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരേ മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തോട് പരാതിപ്പെട്ടു. കശുവണ്ടി ഇറക്കുമതിക്കേസില്‍ ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതുമായി ഈ നിലപാടിനെ ചേര്‍ത്തുവായിക്കണമെന്നാണ് ഇവരുടെ പക്ഷം.
ആശ സമരംനടത്തുന്നത് സ്വതന്ത്രയൂണിയന്‍ -എസ്യുസിഐ
തിരുവനന്തപുരം: ആശ സമരം നടത്തുന്നത് സ്വതന്ത്ര യൂണിയനാണെന്നും പാര്‍ട്ടി പിന്തുണയ്ക്കുകയല്ലാതെ നേതൃത്വം നല്‍കുന്നില്ലെന്നും എസ്യുസിഐ കമ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ജോസഫ്. ആശ സമരം എസ്യുസിഐയുടെ സമരമല്ലെന്നും പാര്‍ട്ടി സമരമാക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം നയിക്കുന്ന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരായതിനാലാണ് സമരത്തെ അധിക്ഷേപിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളിലൂടെ അനീതിക്കെതിരേ പോരാടാന്‍ ജനങ്ങളെ പ്രാപ്തരാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ സമരങ്ങളില്‍ കൊടിയുണ്ടാകും. എന്നാല്‍ ആശമാരുടേത് അടിസ്ഥാനവര്‍ഗത്തിന്റെ സമരമാണ്. ഇനിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഇടതുപക്ഷനിലപാട് നിലനിര്‍ത്തണമെന്ന് ജെയ്സണ്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ധര്‍ണ
തിരുവനന്തപുരം: ആശമാരെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഓള് കേരള പ്രദേശ് ആശ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) മന്ത്രി വീണാ ജോര്‍ജിന്റെ വസതിക്കു മുന്നില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ജി. ശര്‍മ്മ അധ്യക്ഷയായി. ആശ ജീവനക്കാര്‍ക്ക് സമ്മാനപ്പൊതിയായി ഓണറേറിയമല്ല പകരം ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കേണ്ടതെന്ന് ചന്ദ്രശേഖരന് പറഞ്ഞു. ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന്, സൈബാ താജുദ്ദീന്, ശകുന്തള സജീവ്, ബിനി അനില്‍, പത്മകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: udf ruling local bodies to increase honorarium of asha workers
Published: 26 Mar 2025, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented