തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശവര്‍ക്കര്‍മാര്‍ക്ക് ഐക്യാദാര്‍ഢ്യവുമായി 'പൗരസാഗരം'. സമരത്തിന് സര്‍ക്കാര്‍ കാരണക്കാരാവുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കവി സച്ചിദാനനന്ദന്‍ പറഞ്ഞു. സ്ത്രീകള്‍ ആണെന്ന കാര്യംപോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സമരം നീട്ടിക്കൊണ്ടുപോവരുതെന്ന് ജോസഫ് സി. മാത്യുവും തോല്‍ക്കാന്‍ പാടില്ലാത്ത സമരമാണിതെന്ന് ഖദീജ മുംതാസും പറഞ്ഞു.
തികച്ചും നീതിപൂര്‍വമായ സമരമാണിത്. ഇതിന്റെ ഉത്തവവാദിത്തം പൂര്‍ണമായും കേന്ദ്രവും കേരളവും വഹിക്കേണ്ടതാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഓണറേറിയം നല്‍കുന്നത് എന്തുകൊണ്ടാണ്? ചെറിയ വര്‍ധനകൂടി നല്‍കി സമരം അവസാനിപ്പിച്ചുകൂടെ.സമരത്തിന് കാരണക്കാരാവുക എന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളാണെന്ന കാര്യംപോലും പരിഗണിക്കപ്പെടുന്നില്ല എന്നത് നിരാശപ്പെടുത്തുകയാണ്. ഒരുവിഭാഗംമാത്രമാണ് സമരംചെയ്യുന്നതെന്നത് നുണയാണ്. അതേസമയം, ന്യൂനപക്ഷമാണ് എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ സമരത്തിലൂടെ തന്നെയാണ് ലോകം ഇന്നത്തെ നിലയിലേയ്ക്ക് എത്തിയതെന്ന് ഖദീജ മുംതാസ് പ്രതികരിച്ചു. സമരത്തിലൂടെ വന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത്. കോവിഡ് പേടിച്ചു നമ്മള്‍ വീട്ടിലിരുന്നപ്പോള്‍ ആശമാര്‍ കാടും വീടും കയറി ജോലി ചെയ്തത് കേരളം കണ്ടതാണ്. കേരളത്തിന്റെ മനസ് മാത്രമല്ല, ലോകത്തൊട്ടാകെയുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഇവര്‍ക്കൊപ്പം ഉണ്ട്. തോല്‍ക്കാന്‍ പാടില്ലാത്ത സമരമാണിത്. സമൂഹത്തിലെ ഒരുപാട് സ്ത്രീകള്‍ ഈ സമരത്തിന് പിന്തുണ നല്‍കുന്നു. നിങ്ങള്‍ തോറ്റ് പിന്മാറരുതെന്നും ഖദീജ മുംതാസ് സമരക്കാരോട് പറഞ്ഞു.
മലയാളികള്‍ അല്ലാത്തവര്‍ പോലും ആശമാരുടെ സമരത്തെ പറ്റി സംസാരിക്കുന്നു. ഈ സമരം പൊതുസമൂഹം ഏറ്റെടുത്ത് കഴിഞ്ഞെന്ന് ജോസഫ് സി. മാത്യു പറഞ്ഞു. ഈ സമരം ഇങ്ങനെ നീട്ടിക്കൊണ്ട് പോകരുതെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണ്. ഇതിന് വലിയ വിലകൊടുക്കേണ്ടിവരും. സര്‍ക്കാര്‍ കണ്ണും കാതും തുറക്കണം. അല്ലെങ്കില്‍ ജനം പ്രതികരിക്കുമെന്നും ജോസഫ് സി. മാത്യു പറഞ്ഞു.
Content Highlights: asha workers strike in tvm
Published: 12 Apr 2025, 01:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented