തിരുവനന്തപുരം: പുതുയുഗ കേരളത്തിനുള്ള ജനകീയ മാനിഫെസ്റ്റോയുമായാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തുവർഷത്തെ പിണറായി വിജയന്റെ ഇരുണ്ടകാലം തകർത്തുതരിപ്പണമാക്കിയ കേരളത്തെ വീണ്ടെടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എവിടെയൊക്കെ ഈ സർക്കാർ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ രക്ഷിക്കാനുള്ള ബദൽ പദ്ധതികളും പരിപാടികളും യു.ഡി.എഫിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

എൽ.ഡി.എഫിനെപ്പോലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കലല്ല യു.ഡി.എഫിന്റെ രീതി. ഖജനാവ് കൊള്ളയടിച്ച് സ്ഥാപിച്ച ഹോൾഡിങ്ങുകളിലും പി.ആർ. ഏജൻസികൾ എഴുതിനൽകുന്ന പ്രസംഗത്തിലും മാത്രം വികസനത്തെക്കുറിച്ച് വാചാലരാകുന്നവർ പത്തുവർഷത്തെ ഭരണത്തിനിടെ കേരളത്തിൽ ഏത് വൻകിട പദ്ധതിയാണ് നടപ്പാക്കിയതെന്ന് പറയണം. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവള പദ്ധതികളുടെ പേരിലല്ലേ നിങ്ങളുടെ എട്ടുകാലിമഞ്ഞൂഞ്ഞ് കളി. പരിഹാസത്തോടെമാത്രമേ ജനം നിങ്ങളെ നോക്കിക്കാണൂ.

‘ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക’ എന്നൊരു പ്രയോഗമുണ്ട്. അതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പതിവായി ചെയ്യുന്നത്. വസ്തുതനിരത്തി നുണകളെ പ്രതിപക്ഷം പൊളിച്ചടുക്കുമ്പോൾ മൗനത്തിന്റെ വല്‌മീകത്തിൽ ഒളിക്കുകയാണ് പിണറായി വിജയൻ. ഉത്തരം ഇല്ലെങ്കിൽ ചോദ്യങ്ങൾ അവഗണിക്കും. എസ്.ഡി.പി.ഐ. ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ കോപിക്കും. പി.ഡി.പി. ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ മിണ്ടില്ല. സി.പി.എം.-ബി.ജെ.പി. ഡീലിനെക്കുറിച്ച് ചോദിച്ചാൽ ചോദ്യം ചോദിക്കുന്നവരെ വാക്കുകൾകൊണ്ട് ആക്രമിക്കും. രക്തസാക്ഷി ഫണ്ട് കട്ടെടുത്തവരെ സംരക്ഷിക്കും, ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കും. ഫാസിസത്തിന്റെ മൂർത്തീഭാവം. കള്ളം കൈയോടെ പിടിക്കുമ്പോൾ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തിയിട്ട് കാര്യമില്ല. വേണ്ടത് കൃത്യമായ മറുപടിയാണ്.

എന്നുമുതലാണ് അങ്ങ് ഫെയ്‌സ്‌ബുക്കിൽ മാത്രം സംവദിച്ചുതുടങ്ങിയത്. നേരിട്ടുള്ള സംവാദത്തിൽ നുണകൾകൊണ്ട് കൊട്ടാരം പണിയാനാകില്ലെന്ന വ്യത്യാസമുണ്ട്. പറയുന്നത് വസ്തുതാപരമല്ലെങ്കിൽ ഉടൻ തിരുത്തലുണ്ടാകും. അത് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടാകില്ല. സംവാദത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ഞാൻ പറയില്ല. പരസ്യസംവാദത്തിന് സമ്മതിച്ചശേഷം സംവാദവേദി ഫെയ്‌സ്‌ബുക്കിലേക്ക് മാറ്റിയ ഭീരുവാണ് പിണറായി വിജയനെന്ന് കേരളം പറയാതിരിക്കട്ടെ. - വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.