തിരുവനന്തപുരം: ആദ്യ ഉമ്മൻചാണ്ടിസർക്കാരിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഫോർട്ട് പോലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാറിന്റെ ഉരുട്ടിക്കൊല കേസ്. 28 വയസ്സുകാരനെ, ശരീരത്തിലൂടെ ഇരുമ്പു പൈപ്പുകൊണ്ട് ഉരുട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോലീസുകാരെ രക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു.
ഇതോടെ സർക്കാരിനെതിരേ ഇടതുപക്ഷ യുവജനസംഘടനകളടക്കം രംഗത്തെത്തി. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന സിറ്റി പോലീസ് കമ്മിഷണർ മനോജ് എബ്രഹാമിന്റെ ഉറപ്പിനെത്തുടർന്നാണ് അന്ന് സമരം അവസാനിച്ചത്.
അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്താകമാനം സമരപരമ്പരകൾ തീർത്ത് ഇടതുപക്ഷം പ്രതിരോധം തീർത്തു. നിയമസഭയിലും വിഷയം കത്തി. പക്ഷേ, പലപ്പോഴും പോലീസിൽനിന്ന് പ്രതികളായ പോലീസുകാർക്കു സംരക്ഷണം ലഭിച്ചത് സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി.
കസ്റ്റഡിയിലിരിക്കേ മർദനമേറ്റു മരിച്ചതിനു ശേഷമുള്ള സമയം െവച്ച് ഉദയകുമാറിനെ അറസ്റ്റുചെയ്തുവെന്ന് ഫോർട്ട് പോലീസ് വ്യാജ എഫ്‌ഐആർ തയ്യാറാക്കി. മോഷണക്കുറ്റം ചുമത്തിയും വ്യാജരേഖകളുണ്ടാക്കി. ആശുപത്രിയിലും മർദനം മറച്ചുവയ്ക്കാനുള്ള ശ്രമം പോലീസ് നടത്തി.
ഉദയകുമാറിന്റെ തുടകളിലും ഉള്ളംകാലിലും അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഇതു പരിശോധിച്ചപ്പോൾ, ത്വഗ്രോഗമാണെന്നായിരുന്നു സമീപത്തു നിന്ന പോലീസുകാരൻ പറഞ്ഞതെന്നും ഇൻക്വസ്റ്റ് നടത്തിയ ആർഡിഒ ആയിരുന്ന കെ.മോഹൻകുമാർ പറഞ്ഞിരുന്നു.
എന്നാൽ, അദ്ദേഹം ഇതു വിശദമായി പരിശോധിക്കാൻ ആവശ്യപ്പെടുകയും ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകുകയും ചെയ്തു.
പോലീസുകാർ പ്രതികളും സാക്ഷികളുമായി വന്ന കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ ഉന്നതോദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ശക്തമായ ഇടപെടലുണ്ടായി. യഥാർത്ഥ പ്രതികൾക്കു പകരം കോടതിൽ ഡമ്മി പ്രതികളെ ഹാജരാക്കിയതും വൻ വിവാദമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെപോലും വിശ്വാസ്യത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി.
തുടർന്ന്, ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേസ് സിബിഐ ഏറ്റെടുത്തത്. പക്ഷേ, അപ്പോഴും സാക്ഷികളായ പോലീസുകാരെല്ലാം കൂറുമാറി. ഉദയകുമാറിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷും കൂറുമാറിയെങ്കിലും സിബിഐ കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ വിചാരണയ്ക്കിടെ രണ്ടാം പ്രതി ശ്രീകുമാർ രോഗം ബാധിച്ചു മരിച്ചു.
ഫോർട്ട് സ്റ്റേഷനിലെ മൂന്നാംമുറയും ഇടിമുറിയും: ഒടുവിൽ വാസ്തുവരെ നോക്കി
തലസ്ഥാന നഗരത്തിലെ പോലീസിന്റെ ഇടിമുറിയായി കുപ്രസിദ്ധി നേടിയതാണ് ഫോർട്ട് പോലീസ് സ്റ്റേഷൻ. ഇവിടത്തെ തുടർച്ചയായ ലോക്കപ്പ് മരണങ്ങളും പ്രതികൾക്കുനേരേയുള്ള മൂന്നാംമുറയുമെല്ലാം സംസ്ഥാനമൊട്ടാകെ കുപ്രസിദ്ധമായിരുന്നു.
ഒടുവിൽ ഉദയകുമാർ ഉരുട്ടിക്കൊലക്കേസു കൂടിയായതോടെ പോലീസുകാർതന്നെ ഇതിനൊരു പരിഹാരം തേടിയിറങ്ങി. ഒടുവിൽ ഇവരെത്തിയത് ഒരു ജ്യോത്സ്യന്റെ മുന്നിലായിരുന്നു. പ്രശ്നങ്ങൾക്കുകാരണം വാസ്തുദോഷമാണെന്നു പറഞ്ഞ് ലോക്കപ്പിന്റെ സ്ഥാനംമാറ്റാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോർട്ട് പോലീസ് സ്റ്റേഷൻ പുതിയ സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. ഇപ്പോൾ മാതൃകാ പോലീസ് സ്റ്റേഷനുമാണ്.
ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തുടകളിൽ ഉരുട്ടിയപ്പോൾ രക്തം കട്ടപിടിച്ചും ഞരമ്പുകൾ വലിഞ്ഞുമുറുകിയുമാണ് ഉദയകുമാർ മരിച്ചത്. ശരീരത്താകമാനം ചവിട്ടേറ്റ പാടുകളും ഉണ്ടായിരുന്നു. ജിതകുമാർ, ശ്രീകുമാർ എന്നിവരെക്കൂടാതെ സോമൻ എന്ന പോലീസുകാരനും ഉദയകുമാറിനെ മർദിക്കാനുണ്ടായിരുന്നു. സോമൻ വിചരണയ്ക്കിടെ മരിച്ചിരുന്നു.1980-ൽ പോലീസുകാരനിൽനിന്ന് ഏത്തപ്പഴത്തിനു കൂടുതൽ വില ഈടാക്കിയെന്നപേരിൽ ഫോർട്ട് പോലീസ് പിടികൂടിയ പെട്ടിക്കടക്കാരനായ ഭുവനേന്ദ്രനും കസ്റ്റഡിയിൽ മരിച്ചു.
കസ്റ്റഡിയിലെടുത്ത് മൂന്നുമണിക്കൂറിനുള്ളിൽ ഭുവനേന്ദ്രനും ക്രൂരമർദനത്തെത്തുടർന്നാണ് മരിച്ചത്.പിന്നീടും പലരും ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച സംഭവങ്ങളുണ്ടായി. 2020-ൽ പൂന്തുറയിൽനിന്ന് കസ്റ്റഡിയിൽ എടുത്ത അൻസാരിയെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
അടിസ്ഥാന പാഠങ്ങൾ മറന്നു; സിബിഐയ്ക്കും പിഴച്ചു
കേസ് അന്വേഷണത്തിൽ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ സിബിഐ മറന്നതാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയത്. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടിക്രമങ്ങളിലും സിബിഐയ്ക്ക് അടിമുടി പിഴച്ചെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണംനടത്തി കുറ്റപത്രം നൽകിയ കേസിൽ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നൽകിയ ഹർജിയിൽ തുടരന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, സിബിഐ നടത്തിയ അന്വേഷണം പുനരന്വേഷണത്തിന് സമാനമായി മാറി.
കേസുമായി ബന്ധപ്പെട്ട രേഖകൾ തിരുവനന്തപുരം അഡീ. സെഷൻസ് (ഫാസ്റ്റ്ട്രാക്ക്) കോടതിയുടെ പരിഗണനയിലിരിക്കേ ഉദയകുമാറിനോടൊപ്പം പോലീസ് പിടികൂടിയ സുരേഷ്‌കുമാറടക്കം ആറുപേരെ മാപ്പുസാക്ഷികളാക്കാൻ സിബിഐ സ്വീകരിച്ച നടപടികളടക്കം പാളി.
ദൃക്‌സാക്ഷിയായ സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും കേസ് സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാൻ സിബിഐ സിജെഎം കോടതിയിൽ അപേക്ഷ നൽകിയതും തെറ്റായ നടപടികളായി. പലരെയും പ്രതിയാക്കുമെന്ന് ഭയപ്പെടുത്തി തോക്കിൻമുനയിൽ നിർത്തി മാപ്പുസാക്ഷിയാക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തൽ. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അധികാരപരിധിയിലല്ലാത്ത കോടതിയിൽ നൽകിയതും വീഴ്ചയായി.
സാക്ഷികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് പരിശോധിക്കുന്നതിൽ സെഷൻസ് കോടതിക്ക് വീഴ്ചപറ്റി. വിചാരണ ഏതുരീതിയിൽ വേണമെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
‘സംശയത്തിന്റെമാത്രം അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാകില്ല’
അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംശയത്തിന്റെമാത്രം അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാകില്ല. എത്ര ഗുരുതര ആരോപണമാണെങ്കിലും വ്യക്തമായ തെളിവുവേണം. പോലീസ് ഉദ്യോഗസ്ഥരായ പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ വലിയ വൈരുധ്യമുണ്ട് -കോടതി പറഞ്ഞു.
തിരുവനന്തപുരം സിബിഐ കോടതിയാണ് 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിച്ചത്. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീലും വധശിക്ഷ ശരിവെക്കാൻ സർക്കാർ നൽകിയ അപേക്ഷയുമാണ് ഹൈക്കോടതി പരിഗണിച്ചത്. ഒന്നാം പ്രതിക്കായി സീനിയർ അഭിഭാഷകൻ പി. വിജയഭാനുവും മറ്റുപ്രതികൾക്കായി അഡ്വ. എസ്. രാജീവ്, പി. മാർട്ടിൻ ജോസ് എന്നിവരും ഹാജരായി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയും നർക്കോട്ടിക് സെൽ സീനിയർ സിവിൽ പോലീസ് ഓഫീസറുമായിരുന്ന നെയ്യാറ്റിൻകര സ്വദേശി എസ്.വി. ശ്രീകുമാർ ശിക്ഷാകാലയളവിലും മൂന്നാംപ്രതി സോമൻ വിചാരണവേളയിലും മരിച്ചിരുന്നു.
ഓണക്കാലങ്ങളിൽകുറ്റവും ശിക്ഷയും
2005-ലെ ഓണത്തിന് അമ്മ പ്രഭാവതിക്ക് ഓണക്കോടിയും വാങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ശ്രീകണ്ഠേശ്വരം പാർക്കിൽ പരിചയക്കാരനൊപ്പം സംസാരിച്ചിരുന്ന ഉദയകുമാറി(28)നെയാണ് ഫോർട്ട് പോലീസ് പിടികൂടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. 13 വർഷം പോലീസ് സംവിധാനങ്ങൾക്കെതിരേ ഉദയകുമാറിന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 2018-ൽ ഒരു ഓണക്കാലത്തിനു മുൻപാണ് സിബിഐ കോടതി രണ്ട് പോലീസുദ്യോഗസ്ഥർക്കു തൂക്കുമരം ഉൾപ്പെടെ അഞ്ചുപേർക്ക് ശിക്ഷ വിധിച്ചത്. വീണ്ടും ഏഴുവർഷത്തിനുശേഷം ഒരോണക്കാലത്തിനുമുന്നേ സിബിഐയുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേവിടുകയാണ്.
2005 സെപ്റ്റംബർ 27-ന് രാത്രി പത്തരയോടെയാണ് ഫോർട്ട് പോലീസ് സ്റ്റേഷനിൽവെച്ച് ക്രൂരമർദനത്തിനൊടുവിൽ ഉദയകുമാർ കൊല്ലപ്പെടുന്നത്. ഉച്ചയ്ക്കാണ് പരിചയക്കാരനായ സുരേഷിനൊപ്പം ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
സെപ്‌റ്റംബർ 30: കസ്റ്റഡിയിൽ ഉദയകുമാർ മരിച്ചത് പോലീസ് മർദനംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
2005 ഒക്ടോബർ 3: പ്രതികൾ പോലീസ് കമ്മിഷണർ ഓഫീസിൽ കീഴടങ്ങി.
ഒക്ടോബർ 5: ഉരുട്ടിക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.
ഒക്ടോബർ 10: പ്രതികൾക്കുപകരം ഡമ്മി പോലീസുകാരെ മുഖംമറച്ച് കോടതിയിലെത്തിച്ചു. സിഐ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ
2006 ഫെബ്രുവരി 13: ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകി.
2007 ഒക്ടോബർ 17: സിബിഐ പ്രാഥമികാന്വേഷണം ആരംഭിച്ചു.
2016 മാർച്ച് 31: ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.
2017 ജൂൺ 19: സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു.
2018 ഏപ്രിൽ 25: കോടതിയിൽ സാക്ഷിവിസ്താരം പൂർത്തിയായി.
2018 ജൂലായ് 24: ആറ്് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തി.
ജൂലായ് 25: ജിതകുമാർ, ശ്രീകുമാർ എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷയും തെളിവു നശിപ്പിച്ചതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്ന ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർക്ക് മൂന്നുവർഷം തടവും പിഴയും വിധിച്ചു.
2018 ഓഗസ്റ്റ് 13: അവസാന മൂന്ന് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.
Content Highlights: Udayakumar Case: A Timeline of Custodial Death and Legal Battles in Kerala
Published: 28 Aug 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented