ചെന്നൈ: തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളത്ത് അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപതു പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ. ഇരകളുടെ കുടുംബത്തിന് പ്രതികൾ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

To advertise here,

മൊബൈൽ വിൽപ്പനക്കട നടത്തിയിരുന്ന ജയരാജും (59), മകൻ ബെന്നിക്‌സും (31) പോലീസ് കസ്റ്റഡിയിൽ മരിച്ച് ആറു വർഷം തികയാറാവുമ്പോഴാണ് വിധി. നിയമപാലകരാവേണ്ട പോലീസുകാർതന്നെ നിയമലംഘകരാവുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും ചെയ്ത അപൂർവ കേസാണിതെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചു.

സാത്താൻകുളം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. മുരുകൻ എ. സാമിദുരൈ, കോൺസ്റ്റബിൾമാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്‌സ് തോമസ് ഫ്രാൻസിസ്, എസ്. വെയിൽമുത്തു എന്നിവരെയാണ് ശിക്ഷിച്ചത്.

കോവിഡ് വ്യാപനമുണ്ടായ സമയത്ത് നിയന്ത്രണം ലംഘിച്ച് രാത്രി ഒമ്പതു മണിക്കു ശേഷം കട തുറന്നെന്നു കാണിച്ച് 2020 ജൂൺ 19-നാണ് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെ അന്വേഷിച്ചു ചെന്ന ബെന്നിക്‌സിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ നിർത്തി പലതരത്തിൽ ക്രൂരമായി പീഡിപ്പിച്ചു. ദേഹമാസകലം പരിക്കേറ്റ ബെന്നിക്സ് ജൂൺ 22-നും ജയരാജ് 23-നും ആശുപത്രിയിൽവെച്ച് മരിച്ചു.

അച്ഛനും മകനും അനുഭവിച്ചത് ക്രൂരപീഡനം...

ചെന്നൈ: തൂത്തുക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അച്ഛനും മകനും ഇരുട്ടുമുറിയിൽ നേരിടേണ്ടിവന്നത് കൊടിയപീഡനം. കോവിഡ് വ്യാപനമുണ്ടായ സമയത്ത് നിയന്ത്രണം ലംഘിച്ച് രാത്രി ഒൻപതുമണിക്കുശേഷം കടതുറന്നെന്നുകാണിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ അന്വേഷിച്ചുചെന്ന ബെന്നിക്‌സിനെയും കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും കസ്റ്റഡിമരണത്തിൽ ജനരോഷമുയരുകയും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി ഉയരുകയും ചെയ്തപ്പോൾ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അന്വേഷണം ആദ്യം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കും പിന്നീട് സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായംകൂടി പരിഗണിച്ച് സി.ബി.ഐ.ക്കും വിട്ടു. അന്വേഷണം പൂർത്തിയാക്കിയ സി.ബി.ഐ. അതേവർഷംതന്നെ കുറ്റപത്രം സമർപ്പിച്ചു. ഇരുവരെയും പീഡിപ്പിക്കാനായി ഉപയോഗിച്ച ലാത്തിയിലെ രക്തവും സ്റ്റേഷന്റെ ചുവരിലെ രക്തക്കറകളും കൊല്ലപ്പെട്ട ജയരാജിന്റെയും മകൻ ബെന്നിക്‌സിന്റെയും രക്തവും ഒന്നുതന്നെയാണെന്ന് ന്യൂഡൽഹി സി.എഫ്.എസ്.എലിലെ വിദഗ്ധരുടെ അഭിപ്രായത്തിൽനിന്ന് വ്യക്തമാണെന്ന് സി.ബി.ഐ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ഇരുവരെയും പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ സാത്താൻകുളം പോലീസ് സ്റ്റേഷനിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന വസ്തുത ഇത് സ്ഥിരീകരിക്കുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ 19-ന് രാത്രി 7.45-നും അടുത്തദിവസം പുലർച്ചെ മൂന്നിനുമിടയിൽ ജയരാജിനെയും ബെന്നിക്‌സിനെയും പോലീസ് സ്റ്റേഷനിൽവെച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് കുറ്റപത്രം. ഇരുവരെയും പലതവണ മർദിച്ചതായും സി.ബി.ഐ. കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇരുവരെയും കഠിനമായി മർദിക്കാൻ പ്രതിയായ ഇൻസ്‌പെക്ടർ എസ്. ശ്രീധർ മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചു. ഇവരെ വിവസ്ത്രരാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.

സി.ബി.ഐ.യുടെ പ്രധാനകണ്ടെത്തലുകളെല്ലാം ശരിവെച്ച കോടതി പ്രതികളെല്ലാം കുറ്റക്കാരാണെന്ന് ഈ മാർച്ച് 23-ന് കണ്ടെത്തിയിരുന്നു. കുറ്റാരോപിതരുടെ സാമ്പത്തികപശ്ചാത്തലം വ്യക്തമാക്കുന്ന രേഖകൾ പരിശോധിച്ചശേഷമാണ് തിങ്കളാഴ്ച ശിക്ഷവിധിച്ചത്. ജയരാജിന്റെയും ബെന്നിക്‌സിന്റെയും പേരിൽ പോലീസ് കള്ളക്കേസാണെടുത്തതെന്നും അവർ മരണമടഞ്ഞത് കസ്റ്റഡിമർദനത്തിലേറ്റ പരിക്കുകൾ കാരണമാണെന്നും കോടതി വ്യക്തമാക്കി.