ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും, പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ അപ്പീൽ. പ്രതികളായ നാല് പോലീസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐയുടെ അപ്പീലിൽ പ്രതികളായ പോലീസുകാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

To advertise here,

കേസിലെ ഒന്നാം പ്രതിയായ ജിതകുമാർ കെ, നാല് മുതൽ ആറ് വരെ പ്രതികളായ ടി അജിത് കുമാർ, ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സി.ബി.ഐ ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Also Read: ഇരുമ്പുപൈപ്പ് കൊണ്ട് തുടകളിൽ ഉരുട്ടി, ഞരമ്പുകൾ വലിഞ്ഞുമുറുകി മരണം; അടിസ്ഥാനപാഠം പോലും മറന്ന് സിബിഐ

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നും, പ്രതികൾക്ക് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നുവെന്നും സി.ബി.ഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്റ്റിസ് മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് സി.ബി.ഐ യുടെ അപ്പീലിൽ നോട്ടീസ് അയച്ചത്.

2005 സെപ്റ്റംബർ 27-നാണ് ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് പോലീസുകാർ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയത്. അന്നത്തെ ഫോർട്ട് സിഐ ഇ.കെ. സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു പോലീസുകാർ. തുടർന്ന് സ്റ്റേഷനിൽ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു കൈമാറുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ എഎസ്‌ഐ കെ ജിതകുമാർ, രണ്ടാം പ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്ക് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ ആണ് വിധിച്ചിരുന്നത്. നാലുമുതൽ ആറുവരെ പ്രതികളായിരുന്ന റിട്ട. ഡിവൈഎസ്പി ടി. അജിത് കുമാർ, മുൻ എസിപിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർക്ക് മൂന്നുവർഷം തടവും 5000 രൂപ പിഴയും ആണ് വിചാരണ കോടതി വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികളെ പിന്നീട് വെറുതെവിട്ടത്. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണ വേളയിലും രണ്ടാം പ്രതി ശ്രീകുമാർ ഹൈക്കോടതി വിധിക്ക് മുൻപും മരിച്ചിരുന്നു.