
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിൽ നാലുമണിക്കൂറോളം വൈദ്യുതി മുടങ്ങി ചികിത്സ നിലച്ചത് അധികൃതരുടെ ഗുരുതര വീഴ്ചകാരണം. കെ.എസ്.ഇ.ബി., പി.ഡബ്ള്യു.ഡി. ഇലക്ട്രിക് വിഭാഗം, ആശുപത്രി അധികൃതർ എന്നിവരുടെ ഏകോപനമില്ലായ്മയും വില്ലനായി. സാങ്കേതികത്തകരാറുകൾ ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതും വീഴ്ചയായി.
കെ.എസ്.ഇ.ബി.യുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ള വൈദ്യുതി കണക്ഷൻ ഉച്ചമുതൽ വിച്ഛേദിച്ചിരുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചിട്ടാണ് ആശുപത്രി പ്രവർത്തനം തുടർന്നത്. ഗർഭിണികളും നവജാതശിശുക്കളുമുൾപ്പെടെ ആയിരത്തോളംപേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ, ജനറേറ്ററുകൾ പണിമുടക്കിയാൽ പകരം സംവിധാനമൊരുക്കിയില്ല.
കെ.എസ്.ഇ.ബി. വൈകീട്ട് കണക്ഷൻ നൽകിയെങ്കിലും സാങ്കേതികത്തകരാർ കാരണം വൈദ്യുതി എത്തിയില്ല. ഇതു പരിഹരിക്കാനാകാത്തതോടെ ജനറേറ്ററിനെ ആശ്രയിക്കുന്നത് തുടർന്നു. വൈകീട്ട് ആറുമണിയോടെ രണ്ട് ജനറേറ്ററുകളിലൊന്ന് തകരാറിലായിട്ടും പുറത്തുനിന്ന് ജനറേറ്റർ എത്തിച്ചില്ല. ഒരു ജനറേറ്റർ മാത്രം ഉപയോഗിച്ച് ഐ.സി.യു.വിലേക്കു മാത്രം വൈദ്യുതി എത്തിച്ച് താത്കാലിക സംവിധാനമാണ് ഒരുക്കിയത്. വൈകീട്ട് 6.30-ഓടെ രണ്ടാമത്തെ ജനറേറ്ററും തകരാറിലായി, ആശുപത്രി പൂർണമായും ഇരുട്ടിലായി.
ഒടുവിൽ അഞ്ചുകിലോമീറ്റർ അപ്പുറത്തുനിന്ന് ജനറേറ്റർ ആശുപത്രിയിൽ എത്തിച്ചത് നാലുമണിക്കൂറിനുശേഷം. ജനറേറ്റർ നിലച്ചുപോയാൽ പകരം സംവിധാനമൊരുക്കുന്നതിനെക്കുറിച്ച് ആലോചനപോലും ഉണ്ടായില്ലെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു.
പീഡിയാട്രിക് കാഷ്വാലിറ്റി, എമർജൻസി ഐ.സി.യു., ലേബർ റൂം, സിസേറിയൻ നടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുൾപ്പെടെ 12 വാർഡുകളിലെ രോഗികളും പിഞ്ചുകുഞ്ഞുങ്ങളുമാണ് ദുരിതത്തിലായത്. കടുത്ത ചൂടത്ത് പലർക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഭാഗ്യംകൊണ്ടു മാത്രമാണ് വലിയ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
പി.ഡബ്ള്യു.ഡി. ഇലക്ട്രിക് വിഭാഗത്തിനാണ് ആശുപത്രിയിൽ വൈദ്യുതി എത്തിക്കുന്നതിന്റെ ചുമതല. ഇവരോടു പലതവണ പറഞ്ഞിട്ടും കൃത്യസമയത്ത് പകരം സംവിധാനമൊരുക്കിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അപ്രതീക്ഷിത സാങ്കേതികത്തകരാറുകൾ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് പി.ഡബ്ള്യു.ഡി. ഇലക്ട്രിക് വിഭാഗത്തിന്റെ വിശദീകരണം. തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കെ.എസ്.ഇ.ബി.യും പറയുന്നു.
വീഴ്ചകളിൽ കണ്ണടച്ച് അധികൃതർ
ആയിരത്തോളം രോഗികൾ ചികിത്സയിൽക്കഴിയുന്ന സംസ്ഥാനത്തെ പ്രധാന ആശുപത്രിയാണ് തുടർച്ചയായി നാലുമണിക്കൂർ ഇരുട്ടിലായത്. സിസേറിയനുൾപ്പെടെ 24 മണിക്കൂറും പ്രസവം നടക്കുന്ന ആശുപത്രിയാണ് എസ്.എ.ടി. മറ്റ് ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കുട്ടികളെയും അമ്മമാരെയും ഗുരുതരാവസ്ഥയിലായാൽ എത്തിക്കുന്നതും ഇവിടെയാണ്. പലരും ജീവൻ രക്ഷിക്കാനുള്ള അവസാന ആശ്രയമായി സമീപിക്കുന്ന എസ്.എ.ടി.യിലാണ് ഇത്തരത്തിലുള്ള ദുരവസ്ഥ എന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലകളിലുള്ളവർ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. വൈദ്യുതി മുടങ്ങിയതു ചികിത്സ വൈകിപ്പിച്ചത് നിരവധിപ്പേർക്കാണ്. ഇരുട്ടിൽ ഒറ്റപ്പെട്ട് ആശങ്കാകുലരായ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ കൃത്യമായ നിർദേശം നൽകാൻ ആശുപത്രി അധികൃതർക്കും കഴിഞ്ഞില്ല. കനത്ത ചൂടത്ത് പലർക്കും അസ്വസ്ഥതകൾ ഉണ്ടായെങ്കിലും ചികിത്സ നൽകാനുള്ള സൗകര്യമുണ്ടാകാത്തതു പ്രതിഷേധത്തിനു കാരണമായിരുന്നു. ടോർച്ചും മൊബൈൽ വെളിച്ചവുമുപയോഗിച്ചാണ് ലേബർ റൂം ഉൾപ്പെടെ പ്രവർത്തിച്ചത്. ഇപ്പോൾ വൈദ്യുതി എത്തുമെന്നു പറഞ്ഞ് കൂട്ടിരിപ്പുകാരെ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിപ്പിച്ചതുമില്ല. ഒ.പി.യിലും കാഷ്വാലിറ്റിയിലും കുഞ്ഞുങ്ങളുമായെത്തിയവർ നാലും അഞ്ചും മണിക്കൂർ കാത്തിരിപ്പു തുടർന്നു.
പുറത്തെ ആശുപത്രികളിൽ പ്രസവം നടന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന നവജാതശിശുക്കളുടെ ചികിത്സ നടക്കുന്ന ഔട്ട്‌ബോൺ നഴ്‌സറി, പീഡിയാട്രിക് കാഷ്വാലിറ്റി, എമർജൻസി ഐ.സി.യു., എസ്.എൻ.സി.യു. (ഐ.സി.യു.), ലേബർ റൂം, സിസേറിയൻ നടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ഗൈനക് കാഷ്വാലിറ്റി, പീഡിയാട്രിക് കാർഡിയോളജി, എം.ഐ.ടി.യു. (ഐ.സി.യു.) തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് നിലച്ചത്. 12-ഓളം വാർഡുകളിലെ രോഗികളും പിഞ്ചുകുഞ്ഞുങ്ങളുമാണ് ദുരിതത്തിലായത്. പലയിടത്തും വൈദ്യുതസഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ തകരാറിലായി. തൊട്ടടുത്തുള്ള ഗോൾഡൻ ജൂബിലിമന്ദിരത്തിൽ വൈദ്യുതി മുടങ്ങാത്തത് ചെറിയ ആശ്വാസമായി. എന്നാൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പഴയ കെട്ടിടത്തിലായതിനാൽ 80 ശതമാനം പ്രവർത്തനവും നിലച്ചു. കൂട്ടിരിപ്പുകാർ ഇരിക്കുന്ന പ്രദേശവും ഇരുട്ടിലായി. ഒരു വീഴ്ചയുണ്ടായാൽ പരസ്പരം പഴിചാരി കൈകഴുകുന്ന അവസ്ഥയാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇവിടെ ഓരോ വിഭാഗത്തിന്റെയും വീഴ്ചയ്ക്ക് ഉത്തരവാദി ആരാണ് എന്നത് അധികൃതർക്കുതന്നെ അറിയില്ല.
തകരാർ പരിഹരിച്ചു- സൂപ്രണ്ട്
എസ്.എ.ടി. ആശുപത്രിയിലെ വൈദ്യുതിബന്ധം ജനറേറ്റർ സംവിധാനത്തിൽനിന്നു മാറ്റി സാധാരണനിലയിൽ പുനഃസ്ഥാപിച്ചതായി സൂപ്രണ്ട് ഡോ. എസ്.ബിന്ദു തിങ്കളാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7.30മുതൽ വൈദ്യുതിബന്ധം സാധാരണ നിലയിലായി. പാനൽ ബോർഡിലെ ജനറേറ്ററിലുള്ള കോൺട്രാക്ടർ സ്വിച്ച് ഉച്ചകഴിഞ്ഞ് മാറ്റിസ്ഥാപിച്ചതായും സൂപ്രണ്ട് അറിയിച്ചു.
വീഴ്ച ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകൾക്ക്
എസ്.എ.ടി. ആശുപത്രിയിൽ ഗുരുതരമായ പ്രതിസന്ധിക്കു കാരണമായത് ആരോഗ്യ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകോപനമില്ലായ്മ. ആശുപത്രി അധികൃതരും വൈദ്യുതി എത്തിക്കുന്നതിന്റെ ചുമതലയുള്ള പി.ഡബ്ള്യു.ഡി. ഇലക്ട്രിക് സെക്ഷനും പുലർത്തിയ അലംഭാവമാണ് നാലുമണിക്കൂർ രോഗികളെ ഇരുട്ടിൽ തള്ളിയിട്ടത്.
ആശുപത്രിയിൽ ഇലക്ട്രിക് വിഭാഗത്തിൽ ആറുമാസത്തിലൊരിക്കൽ നടത്തുന്ന അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിൽ പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗം വീഴ്ചവരുത്തിയതായാണ് ആരോപണം. പണി നടത്തുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. നേരത്തേ അറിയിച്ചു. ഇക്കാര്യമറിയാവുന്ന പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗം മുൻകരുതലും കൈക്കൊണ്ടില്ല. കൂടാതെ ജനറേറ്ററുകൾ തകരാറിലായാൽ എന്തു ചെയ്യുമെന്ന് ഇവർ ആലോചിച്ചതുമില്ല. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കാൻ ആശുപത്രി അധികൃതരും മെനക്കെട്ടില്ല. വൈദ്യുതി എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ചുമതലയാണെന്നുമാത്രം പറഞ്ഞ് കൈകഴുകി. രോഗികളുടെ ദുരിതത്തെക്കുറിച്ച് അവരും ചിന്തിച്ചില്ല.
അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് തടസ്സംനിന്നെന്ന് കെ.എസ്.ഇ.ബി.
ആശുപത്രിലെ വൈദ്യുതിവിതരണത്തിനായി ഒരു ട്രാൻസ്‌ഫോർമർ സ്റ്റേഷനുണ്ട്. ആറുമാസത്തിലൊരിക്കൽ അവയുടെ അറ്റകുറ്റപ്പണി നടത്തണം. ട്രാൻസ്‌ഫോർമർ, 11 കെ.വി. ലൈൻ എന്നിവയുടെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബി.യാണ് നടത്തേണ്ടത്.
ഓണത്തിനു മുൻപ് ചെയ്യേണ്ട ഈ പണിയാണ് ഞായറാഴ്ച നടത്തിയത്. ഓണക്കാലത്തിനുമുൻപ് അറ്റകുറ്റപ്പണി നടത്തുന്നതിനായി ആശുപത്രിയെയും, പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗത്തെയും സമീപിച്ചിരുന്നതായി കെ.എസ്.ഇ.ബി. അധികൃതർ പറയുന്നു. എന്നാൽ അതിന് ഇലക്ട്രിക്കൽ വിഭാഗം അവസരം ഒരുക്കിയില്ലെന്നും കെ.എസ്.ഇ.ബി. ആരോപിക്കുന്നു.
Content Highlights: Power outage at Trivandrum SAT is a serious issue
Published: 01 Oct 2024, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented