കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വാശിയേറിയ കടുത്ത പോരാട്ടത്തിനൊരുങ്ങി തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയുടെ ചരിത്രത്തിലാദ്യമായി നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുള്ളതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങുകയാണ് മൂന്ന് മുന്നണികളും. വിഐപി, താര സ്ഥാനാർഥികൾക്കായി കളമൊരുങ്ങുകയാണ് തൃപ്പൂണിത്തുറയിൽ.

To advertise here,

ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് സിറ്റിങ് എംഎൽഎ കെ. ബാബു വീണ്ടും മത്സരിക്കാൻ തയ്യാറായേക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. 2021-ലും രമേഷ് പിഷാരടിയുടെ പേര് പരിഗണിച്ചിരുന്നു. മണ്ഡലത്തിലെ ഈഴവ പ്രാതിനിധ്യം സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകും. എം. ലിജു, രാജു പി നായർ എന്നിവരുടെ പേരുകളും കോൺഗ്രസ് പരിഗണനയിലുണ്ട്. കെ. ബാബു വീണ്ടും മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചാൽ മാത്രമായിരിക്കും ഈ പേരുകൾ പരിഗണനയിലെത്തുക.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ എം. സ്വരാജിൽനിന്ന് 992 വോട്ടുകൾക്കാണ് കെ. ബാബു തിരിച്ചുപിടിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ വോട്ട് നില മെച്ചപ്പെടുത്താൻ സാധിച്ചത് നിയമസഭയിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നഗര പ്രദേശങ്ങളൊഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കോൺഗ്രസിന് അല്പം ആശ്വസിക്കാവുന്ന ഫലമായിരുന്നു തൃപ്പൂണിത്തുറയിൽ. ഇത്തവണ ബിജെപി ചരിത്ര വിജയം കുറിച്ചെങ്കിലും നിയമസഭയിലും ഇതേ പിന്തുണ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ ലഭിക്കാനിടയില്ല.

മണ്ഡല പുനർനിർണയത്തോടെ എൽഡിഎഫ് അനുകൂല മണ്ഡലമായി മാറിയതാണ് തൃപ്പൂണിത്തുറ. എന്നാൽ, സിപിഎമ്മിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയും ഗ്രൂപ്പ് പോരും ബിജെപിക്ക് മുതൽക്കൂട്ടായി. വാശിയേറിയ പോര് നടക്കുമ്പോൾ എം സ്വരാജ്, കൊച്ചി മുൻ മേയർ എം. അനിൽകുമാർ എന്നിവരുടെ പേരുകളാണ് എൽഡിഎഫിൽ ഉയർന്നുകേൾക്കുന്നത്. അതേസമയം, ബിജെപിയുടെ തുറുപ്പുചീട്ടായ തൃപ്പൂണിത്തുറയിൽ വിഐപി, സ്റ്റാർ സ്ഥാനാർഥികളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. മേജർ രവി, ടിപി സെൻകുമാർ, കെ.വി.എസ് ഹരിദാസ് എന്നീ പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്നുകേൾക്കുന്നത്. മധ്യ കേരളത്തിൽ ബിജെപി ശക്തി തെളിയിച്ച ഏക സ്ഥലമെന്നിരിക്കെ തൃപ്പൂണിത്തുറയിൽ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

തൃപ്പൂണിത്തുറയിലെ ഇടത് കോട്ട തകർത്തെറിഞ്ഞാണ് ഇത്തവണ ബിജെപി ഭരണം പിടിച്ചെടുത്തത്. 21 സീറ്റുകൾ നേടിയ ബിജെപി, സിറ്റിങ് ഭരണകക്ഷിയായ എൽഡിഎഫിനെ 20 സീറ്റുകളുമായി രണ്ടാമതാക്കുകയായിരുന്നു. അതേസമയം, 12 സീറ്റുകൾ നേടി യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുകയാണ് ചെയ്തത്. കഴിഞ്ഞ തവണ 17 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 21 സീറ്റിലേക്ക് ഉയർന്നപ്പോൾ 23 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് 20 സീറ്റുകൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.