കൊല്ലം: തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസിൽ ചിറയിൻകീഴിനു സമീപത്തുവെച്ച് തീയും പുകയും. തീ കെടുത്താനായി അഗ്നിശമന ഉപകരണവുമായി എത്തിയ വനിതാ ട്രെയിൻ മാനേജർ ദീപ ട്രാക്കിലേക്ക് വീണു. ഇതറിയാതെ തീവണ്ടി മുന്നോട്ടുപോയി. കൈമുട്ടുകൾക്ക് പരിക്കേറ്റ മാനേജർ കൊല്ലം റെയിൽവേ ആശുപത്രിയിൽ ചികിത്സതേടി. പകരം മാനേജരെ എത്തിച്ചശേഷം ഒരുമണിക്കൂർ വൈകിയാണ് തീവണ്ടി കൊല്ലത്തുനിന്ന് പുറപ്പെട്ടത്.

To advertise here,

തിരുവനന്തപുരത്തുനിന്ന് രാവിലെ ഒൻപതേകാലിന് പുറപ്പെട്ട തീവണ്ടി, ചിറയിൻകീഴിൽ എത്തിയപ്പോൾ എതിരേവന്ന തീവണ്ടിയിലെ യാത്രക്കാരാണ്‌, പിന്നിലെ കോച്ചിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. ഇവർ വിവരം റെയിൽവേ അധികൃതരെ അറിയിച്ചു. ഉടൻതന്നെ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചശേഷം ട്രെയിൻ മാനേജർ ദീപ അഗ്നിശമന ഉപകരണവുമായി തീയണയ്ക്കാൻ ഇറങ്ങി. ഇതിനിടെ തീവണ്ടി പെട്ടെന്ന് മുന്നോട്ടുപോകുകയായിരുന്നു.

ട്രാക്കിനോടു ചേർന്നുകിടന്ന ദീപ ഉടൻ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റിന് അപകടസൂചന നൽകി. തീവണ്ടി നിർത്തി കൈക്കും കാലിനും പരിക്കേറ്റ ദീപയെ ഇതേ തീവണ്ടിയിൽത്തന്നെ കൊല്ലം റെയിൽവേ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

തകരാർ പരിഹരിച്ച് പതിനൊന്നരയോടെയാണ് തീവണ്ടി കൊല്ലം വിട്ടത്. എന്നാൽ കായംകുളത്ത് എത്തിയപ്പോൾ തീവണ്ടിക്ക് വീണ്ടും സാങ്കേതികത്തകരാറുണ്ടായി.