തൃശ്ശൂർ : റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട രണ്ടുമലയാളികളെ രക്ഷിക്കാൻ ഭാര്യയും അച്ഛനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കേണപേക്ഷിച്ച് നടന്നത് നാലുമാസത്തോളം. പ്രധാനമന്ത്രിയുടെ ഓഫീസ് തൊട്ട് നിരവധി കേന്ദ്രങ്ങളിൽ പരാതിനൽകിയിട്ടും ഒടുവിൽ എത്തിയത് ഇവരിലൊരാളിന്റെ മരണവാർത്ത. മറ്റേ ആളിന് ഗുരുതര പരിക്കേറ്റവാർത്തയുംകൂടെ വന്നു. യുദ്ധത്തിൽ മരിച്ചയാളിന്റെ മൃതദേഹം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇതുവരെ ഒന്നുമായില്ല. ഗുരുതരമായി പരിക്കേറ്റയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനും പുരോഗതിയില്ല .
കുട്ടനെല്ലൂർ കരുണ ലെയിനിൽ തോലത്ത് വീട്ടിൽ ബിനിൽബാബു(32)വാണ് രക്ഷിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്തതുമൂലം കൊല്ലപ്പെട്ടത്. ബന്ധുകൂടിയായ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ ഗുരുതര പരിക്കുകളോടെ റഷ്യയിലെ ആശുപത്രിയിലുമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന തൃക്കൂർ സ്വദേശി സന്ദീപ് ഓഗസ്റ്റിൽ കൊല്ലപ്പെട്ടതോടെയാണ് ബന്ധുക്കൾ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുന്നത്. വിദേശകാര്യമന്ത്രാലയത്തിനും റഷ്യയിലെ ഇന്ത്യൻ അംബാസഡർക്കും എട്ടോളം എം.പി.മാർക്കും പരാതി കൊടുത്തു. ചിലർ ഗൗരവമായി എടുത്തെങ്കിലും ചിലർ അവഗണിച്ചു. സംസ്ഥാന മന്ത്രിമാർക്കും എം.എൽ.എ.മാർക്കുമെല്ലാം പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി എത്തിച്ചു. ആർക്കും ഒന്നും ചെയ്യാനാകാതെ ബിനിൽ മരണത്തിനു കീഴടങ്ങുകയും ജെയിനിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു.
സംഭവം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിച്ചിട്ടും ഗുണമുണ്ടായില്ല. ബിനിലിനും ജെയിനിനും വേണ്ടി വെവ്വേറെ പരാതികളാണ് നൽകിയിരുന്നത്. ഓരോ ഓഫീസിലേക്കും ഒന്നിലധികം പരാതി അയച്ചു. പലയിടത്തുനിന്നും മറുപടിപോലും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം പരാതികൾ ഒന്നും നൽകാതെ മലങ്കര ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കബാവ വിഷയത്തിൽ ഇടപെട്ടു. റഷ്യൻ അധികൃതരുമായി സംസാരിക്കുകയും ഉറപ്പുലഭിക്കുകയും ചെയ്തു. വീട്ടുകാരെ വിളിപ്പിച്ച് ആശ്വസിപ്പിച്ചു. ഡിസംബറിൽ ഈ ശ്രമം നടന്ന് അധികം വൈകുംമുമ്പായിരുന്നു ബിനിലിന്റെ മരണം.
മോസ്കോയിലെ ഇന്ത്യൻ എംബസി കൗൺസിലർ രാംകുമാർ തങ്കരാജിന്റെ മെയിലാണ് ഇവർക്ക് ആദ്യം ലഭിച്ച മറുപടികളിലൊന്ന്. സെപ്റ്റംബർ 14-ന് ആയിരുന്നു അത്. റഷ്യൻ അധികൃതരുമായി സ്ഥിരമായി ബന്ധപ്പെടുന്നു എന്ന കാര്യങ്ങളാണ് മറുപടിയിലുള്ളത്. പക്ഷേ ബിനിൽ മരിച്ചശേഷവും യാതൊന്നും പ്രാവർത്തികമായിട്ടില്ലെന്ന് മാത്രം.
Content Highlights: Trafficking into Russian military
Published: 23 Jan 2025, 07:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented