തൂവല്‍: ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്. 

To advertise here,

മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ഇവര്‍ സെല്‍ഫി എടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒഴുക്കില്‍പെട്ട് മുന്നോട്ടുനീങ്ങിയ ഇയാള്‍ ഒരു പാറയിടുക്കില്‍ തങ്ങി നിന്നു. 

ഇയാള്‍ക്കൊപ്പം എത്തിയവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് സഞ്ചാരികളും ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ കയറുംമറ്റും എടുത്തുകൊണ്ടുവന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 

സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് തൂവല്‍ വെള്ളച്ചാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 12 പേരോളം ഇവിടെ ഇത്തരത്തില്‍ അപകടത്തില്‍പെട്ട് മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

എന്നാല്‍ ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുന്നതും അപകടത്തില്‍പെടുന്നതും. അതേസമയം, സ്ഥലത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബാരിക്കേഡോ, സുരക്ഷാമതിലുകളോ കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.