കുമളി (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പതിനഞ്ച് ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഞ്ചംഗ വിദഗ്‌ധ പാനൽ വ്യക്തമാക്കി.

To advertise here,

രണ്ട് ദിവസവും അണക്കെട്ടിന്റെ സമഗ്രമായ പരിശോധന നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കി. അല്ലാത്തപക്ഷം സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.

സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അഞ്ചംഗ വിദഗ്‌ധപാനലാണ് ചൊവ്വാഴ്ച അണക്കെട്ടിൽ ആദ്യഘട്ട പരിശോധന നടത്തിയത്.

പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ആദ്യദിന പരിശോധന. ബുധൻ, വ്യാഴം ദിവസങ്ങളിൽ അണക്കെട്ടിനെക്കുറിച്ചുള്ള ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകളും ആവശ്യങ്ങളും വിദഗ്‌ധ പാനൽ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.

വാദങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ വീണ്ടും പരിശോധന നടത്തും.

എന്നാൽ, നിലവിലെ പരിശോധനയിൽ കേരള പ്രതിനിധികൾ ഇതിനോടകം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന ശരിയല്ലെന്ന നിലപാടിലാണ് സംസ്ഥാനം.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന, ഹൈഡ്രോളിക് സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത തുടങ്ങിയ കാര്യങ്ങളിൽ വിദഗ്‌ധ പാനൽ സങ്കേതികപരമായ യാതൊരു പരിശോധനയ്ക്കും മുതിരാത്തത് സംസ്ഥാനത്തിന്റെ പ്രതിനിധികൾ പ്രധാനമായും ബുധനാഴ്ചത്തെ യോഗത്തിൽ ഉന്നയിക്കും.

റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ അണക്കെട്ടിന് ഭീഷണിയെന്നാണ് പഠനങ്ങൾ പരാമർശിക്കുന്നത്. സങ്കേതികമായ പരിശോധന നടത്താതെ ഈ ആശങ്ക ഒഴിവാക്കാൻ സാധിക്കില്ല. അതിനാൽ ഭൂകമ്പത്തെ അതിജീവിക്കാനുള്ള കരുത്ത് അണക്കെട്ടിനുണ്ടോയെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

കൂടാതെ മേഘവിസ്ഫോടനവും അതിതീവ്ര മഴയും കാരണം ഡാം പെട്ടെന്ന് നിറയുകയും അണക്കെട്ട് കവിഞ്ഞ് ആറ് മണിക്കൂറോളം ജലമൊഴുകുകയും ചെയ്താൽ ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡൽഹി ഐ.ഐ.ടി. പഠനം നടത്തിയിട്ടുണ്ട്.

ഇത് ഒരുനൂറ്റാണ്ടിലയധികം പഴക്കമുള്ള അണക്കെട്ടിന്റെ കാര്യത്തിൽ തള്ളിക്കളയാനാവില്ല. സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ തുടർനടപടി വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം വിളിക്കും.