കണ്ണൂർ: തളിപ്പറമ്പിലെ വിജയം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് ടി.കെ. ഗോവിന്ദൻ. താൻ മുന്നോട്ടുവെച്ച നിലപാടുകൾക്ക് തളിപ്പറമ്പിൽ മാത്രമല്ല, പയ്യന്നൂരിലും അമ്പലപ്പുഴയിലും ഉൾപ്പെടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

To advertise here,

'ഞാൻ ഉയർത്തിപ്പിടിച്ച ആശയമാണ് ശരി എന്ന് ജനങ്ങൾ തീരുമാനിച്ചു. ആ ആശയത്തിന് പൂർണമായ പിന്തുണയാണ് ജനങ്ങൾ നൽകിയിരിക്കുന്നത്. തളിപ്പറമ്പിൽ പ്രത്യേകിച്ചും. ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർത്തുകൊണ്ട് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും ഇവിടെ നടപ്പിലാക്കാൻ നോക്കുമ്പോൾ അതിനെ എതിർത്താണ് ഞാൻ രംഗത്തുവന്നത്. പാർട്ടി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി മെമ്പർമാർ തുടങ്ങിയവരെല്ലാം എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഇത്രയും വോട്ട് കിട്ടില്ല. 22,000 വോട്ടുകൾക്ക് എം.വി ഗോവിന്ദൻ ജയിച്ച സ്ഥലത്താണ് 12,500 വോട്ടുകൾക്ക് ഞാൻ ജയിച്ചിട്ടുള്ളത്', ടി.കെ. ഗോവിന്ദൻ പറഞ്ഞു.

പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യം തകരുന്നതിനെതിരേ താൻ ഉയർത്തിയ ആശയങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. തന്റെ വിജയത്തിൽ കമ്മ്യൂണിസ്റ്റ് അണികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേഡർ വോട്ടുകളും ലഭിച്ചിട്ടുണ്ട്. കേരളത്തിലുടനീളമുള്ള പാർട്ടി പ്രവർത്തകർ തന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെ തകർക്കാനല്ല, മറിച്ച് തിരുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടി.കെ. ഗോവിന്ദൻ ആവർത്തിച്ചു. നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ വെറുപ്പും എതിർപ്പും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും, പാർട്ടി നിലപാടുകൾ തിരുത്തിയില്ലെങ്കിൽ കേരളത്തിലെ അവസ്ഥ ബംഗാളിലേതിന് സമാനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പാർട്ടി പതനത്തിലേക്ക് പോകുന്നത് നേതൃത്വത്തിന്റെ ശൈലി കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും തങ്ങളുടെ നിലപാടുകളിൽ മാറ്റംവരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

'പിണറായി വിജയൻ തുടക്കത്തിൽ പിന്നിലായത് ഞെട്ടിച്ചു. ഒരിക്കലും പിണറായി വിജയൻ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. പിണറായി പരാജയത്തിലേക്ക് പോകുന്നു എന്ന് കാണുമ്പോൾ എനിക്കുതന്നെ വേവലാതി ഉണ്ടായിട്ടുണ്ട്. പിണറായി തോൽക്കുക എന്ന് പറയുമ്പോൾ എനിക്ക് ചങ്കിടിപ്പുണ്ടായി. പക്ഷേ, ആ നിലയിലേക്ക് എത്തി എന്നുള്ളത് പിണറായി മനസിലാക്കണം. പാർട്ടി ആകെ മനസിലാക്കണം. അത് തിരുത്താൻ ഇനിയെങ്കിലും അവർ തയ്യാറാകണം. അല്ലെങ്കിൽ ഇവരുടെയൊന്നും കാലശേഷം പാർട്ടി ഉണ്ടാകില്ല. ബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ പാർട്ടി നീങ്ങും’, ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.