
തിരുവനന്തപുരം: ഒടുവില്‍ പുരാവസ്തുവകുപ്പ് കണ്ടെത്തി; കോഴിക്കോട് ജില്ലയിലെ ഫറോക്കിലെ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ ആയുധപ്പുരയും നാണയകമ്മട്ടവും ഉണ്ടായിരുന്നെന്ന്. ഇതോടെ 'ലക്ഷണമൊത്ത' കോട്ടയ്ക്കുള്ള സമഗ്രനിര്‍മിതിയാണോ ഫറോക്ക് കോട്ടയെന്ന ചരിത്രപരമായ ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരം നല്‍കുകയാണ് പുരാവസ്തുവകുപ്പ്. മരുന്നറയെന്നറിയപ്പെട്ട ഭൂഗര്‍ഭ അറയാണ് നാണയ കമ്മട്ടം. കിടങ്ങുകള്‍, കൊത്തളങ്ങള്‍, കിണര്‍, മതില്‍ തുടങ്ങി കോട്ടയ്ക്കുവേണ്ട ഘടകങ്ങളെല്ലാം കോട്ടയിലുണ്ട്. അഞ്ചുവര്‍ഷത്തോളമെടുത്ത പഠനത്തിലാണ് 'ലക്ഷണമൊത്ത' കോട്ടയെന്നതിന് ശാസ്ത്രീയസ്ഥിരീകരണം. കേരളത്തില്‍ ടിപ്പു പണിത ഏക കോട്ടയാണിത്. ഇതിന് പാലക്കാട് കോട്ടയുടെ നിര്‍മിതിയുമായി സമാനതയുമുണ്ട്. കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
മഹാശിലാ സംസ്‌കാരത്തിന്റെ ഭാഗമായ 2500 വര്‍ഷത്തോളം പഴക്കമുള്ള ചെങ്കല്‍ അറ, 38 പടികളുള്ള ചുറ്റുപടികളോടുകൂടിയ കിണര്‍, കൊത്തളങ്ങള്‍, കിടങ്ങുകള്‍, ആയുധപ്പുര എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ചെങ്കല്ലറയില്‍ കണ്ടെത്തിയ നാണയമൂശകള്‍, ഈ ഭൂഗര്‍ഭ അറ നാണയ കമ്മട്ടമാണെന്ന് തെളിയിക്കുന്നു. ടിപ്പു ഫറോക്കില്‍ നാണയം അടിച്ചതായി ചരിത്രരേഖകളിലുണ്ട്. നാണയമൂശ കളിമണ്ണില്‍ മെനഞ്ഞതാണ്. ടിപ്പുവിന്റേതെന്നുകരുതുന്ന നാണയമുള്‍പ്പെടെ പുരാവസ്തുമൂല്യമുള്ള നൂറിലധികം വസ്തുക്കള്‍ ഇവിടെ കണ്ടെത്തിയിരുന്നു.
നാല് കൊത്തളങ്ങളില്‍ വടക്കുപടിഞ്ഞാറ് മൂലയിലുള്ളതിന്റെ മുകളില്‍നിന്ന് നോക്കിയാല്‍ കോഴിക്കോട് കടപ്പുറത്തെ വിളക്കുമാടം കാണാമായിരുന്നു. ഏഴ് ഏക്കറിലധികം വരുന്ന കോട്ടയുടെ അതിരുകള്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയില്‍ നിര്‍ണയിച്ചാണ് പഠനം നടത്തിയത്. ആദ്യമായി പെനിട്രേറ്റിങ് റഡാര്‍ സര്‍വേയും ഉപയോഗിച്ചു.18-ാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തില്‍ കേരളത്തിലേക്കുള്ള ടിപ്പുവിന്റെ പടയോട്ടത്തിലെ ചരിത്രസാക്ഷ്യമാണ് ഈ കോട്ട. രേഖകളില്‍ പാറമുക്ക് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെ ടിപ്പുസുല്‍ത്താന്‍ ഫറൂഖാബാദ് എന്ന് പുനര്‍നാമകരണം ചെയ്തതിലൂടെയാണ് ഫറോക്ക് എന്ന പേരുലഭിച്ചതെന്ന് പറയുന്നു.
1991-ല്‍ കോട്ട സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചെങ്കിലും ഭൂമി സംബന്ധിച്ച് കേസുകളെത്തുടര്‍ന്ന് വിശദപഠനം മുടങ്ങിയിരുന്നു. ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് ഫീല്‍ഡ് സര്‍വേ, ഉപരിതലപര്യവേക്ഷണം, ഉത്ഖനനം, സംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിയത്.
Content Highlights: Archaeological survey reveals armory & mint at Tipu Sultan`s Feroke fort in Kozhikode
Published: 10 May 2025, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented