തൃശ്ശൂർ: അടുത്ത തൃശ്ശൂർ പൂരത്തിന്റെ കൂടിയാലോചനകൾ ആരംഭിക്കുമ്പോഴും കഴിഞ്ഞ പൂരത്തിലെ ‘കലക്കൽ’ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരായ വലിയ രാഷ്ട്രീയ ആരോപണമായിരുന്ന പൂരംകലക്കൽ ഇപ്പോൾ അന്തരീക്ഷത്തിലേയില്ല. അന്ന് ഉന്നയിച്ചിരുന്ന പല ചോദ്യങ്ങൾക്കും ഇപ്പോഴും ഉത്തരമായിട്ടില്ല. പൂരം അട്ടിമറിയിൽ ഗൂഢാലോചനനടന്നെന്ന് ശക്തമായി ആരോപിച്ച സിപിഐ നേതാക്കളും മൗനത്തിലാണ്.
പൂരംകലക്കലിൽ സർക്കാർ പ്രഖ്യാപിച്ച മൂന്നന്വേഷണങ്ങളിൽ ഒന്നിന്റെപോലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഗുഢാലോചന സംബന്ധിച്ച അന്വേഷണമോ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന്റെ പങ്ക് സംബന്ധിച്ച അന്വേഷണമോ എങ്ങുമെത്തിയില്ല. പോലീസിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പൂരത്തിലെ ഇടപെടലുകൾ സംബന്ധിച്ച അന്വേഷണറിപ്പോർട്ട് 2024 ഡിസംബറിൽ സമർപ്പിച്ചെങ്കിലും ഇത് പൊതുജനങ്ങൾക്ക് ലഭ്യമായിട്ടില്ല. പ്രായോഗികമായി പൂരം നടത്തിപ്പിന് ഗുണമായേക്കാവുന്ന ശുപാർശകളാണ് രാഷ്ട്രീയചർച്ചകളുടെ പേരിൽ വെളിച്ചം കാണാത്തത്. ഓരോ പ്രശ്നത്തെയും ഈ റിപ്പോർട്ട് വിശദമായി നോക്കിക്കാണുകയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്.
രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിനിടെ ഉണ്ടായ പ്രശ്നം മുതലുള്ളവ ഇതിൽ വിവരിക്കുന്നുണ്ട്. സാക്ഷിമൊഴികൾ, ചിത്രങ്ങൾ, വീഡിയോകൾ, സിസിടിവി ദൃശ്യങ്ങൾ, രേഖാപരമായ തെളിവുകൾ എന്നിവയുൾപ്പെടെ ആയിരം പേജിലധികമുള്ള റിപ്പോർട്ടാണ് പോലീസ് സർക്കാരിന് സമർപ്പിച്ചത്.
കൂടുതൽ രാഷ്ട്രീയപ്രാധാന്യമുള്ള മറ്റുരണ്ട് അന്വേഷണങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്. 2024 ഒക്ടോബറിൽ പ്രഖ്യാപിച്ച അന്വേഷണങ്ങളിൽ ഇപ്പോഴും മൊഴിയെടുപ്പ് തുടരുകയാണ്. പഴയ പ്രശ്നങ്ങളെല്ലാം മറന്ന രീതിയിലാണ് പൂരം ഒരുക്കങ്ങൾ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പൂരത്തിനായി ഓൺലൈൻ മീറ്റിങ് വിളിച്ചെങ്കിലും ഈ അന്വേഷണങ്ങളെക്കുറിച്ച് ചർച്ചയുണ്ടായില്ല. നിയമസഭയിൽ നൽകിയ മറുപടിയിലും അടുത്ത പൂരം നടത്തിപ്പിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുകമാത്രമാണ് ചെയ്തത്.
മന്ത്രി കെ. രാജനിൽനിന്ന് മൊഴിയെടുക്കും
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ചയുണ്ടായോ എന്ന അന്വേഷണത്തിൽ മന്ത്രി കെ. രാജനിൽനിന്ന് പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് മൊഴിയെടുക്കും. നിയമസഭാ സമ്മേളനം കഴിഞ്ഞശേഷം മൊഴി നൽകാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കവടിയാറിലെ വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന എന്നീ ആരോപണങ്ങളിൽമാത്രമാണ് എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. മലപ്പുറത്തെ സ്വർണംപൊട്ടിക്കലടക്കം മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കരിപ്പൂരിലെ സ്വർണവേട്ടയിൽ എസ്‌പി സുജിത്ത് ദാസും ഡാൻസാഫ് സംഘവുമാണ് ആരോപണവിധേയർ. എന്നാൽ, സ്വർണം പിടികൂടിയതിന്റെ എല്ലാ വിവരങ്ങളും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. ഇത് എം.ആർ. അജിത്കുമാറിന് എതിരാണെന്നാണ് വിലയിരുത്തൽ. ഇതേക്കുറിച്ച് വിജിലൻസ് രേഖകൾ ശേഖരിക്കുന്നുണ്ട്. തൃശ്ശൂർ പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നത് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
Content Highlights: Investigations into the Thrissur Pooram controversies remain inconclusive
Published: 26 Mar 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented