തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ 135 കണ്ടിൻജന്റ് ജീവനക്കാരുടെ പെൻഷൻ വിഹിതമായ 2.18 കോടി പെൻഷൻ അക്കൗണ്ടിലേക്ക് അടയ്ക്കാതെ തനത് ഫണ്ടിൽ നിലനിർത്തി വഞ്ചന കാണിച്ചതായി റിപ്പോർട്ട്. ഇതുമൂലം ഇവർക്കാർക്കും വിരമിച്ച ആനുകൂല്യങ്ങളോ െപൻഷനോ കിട്ടില്ല. ഇത്രയും വലിയ തുക രണ്ടുമുതൽ അഞ്ചുവർഷം വരെ നിലനിർത്തിയാണ് അനാസ്ഥ കാണിച്ചത്. ഇക്കാര്യം ജീവനക്കാരറിഞ്ഞിട്ടില്ല. കണ്ടിൻജന്റ് ജീവനക്കാരോട് കനത്ത അനീതിയാണ് കാണിച്ചതെന്നും ഇതിന് കോർപറേഷനെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ശിക്ഷിക്കണമെന്നും അക്കൗണ്ട്‌സ് ജനറൽ (ഓഡിറ്റ്) നൽകിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ കണക്കുകളാണ് പരിശോധിച്ചത്.

To advertise here,

2017 ജനുവരി 13-ന് തൃശ്ശൂർ േകാർപറേഷനിൽ ജോലിയിൽ പ്രവേശിച്ച കെ.ഒ. എലിസബത്ത് മുതൽ 2020 ജനുവരി 10-നും 2023 ഒക്ടോബർ 24-നും ജോലിയിൽ പ്രവേശിച്ച രണ്ടുപേരും ഉൾപ്പെടെ 135 കണ്ടിൻജന്റ് ജീവനക്കാരാണ് വഞ്ചിക്കപ്പെട്ടത്. ഇവരിൽനിന്ന് നിയമപ്രകാരമുള്ള പെൻഷൻ വിഹിതം കോർപറേഷൻ പിരിച്ചെടുത്തു. ഈ തുക അവരുടെ പെൻഷൻ അക്കൗണ്ട് നമ്പർ കിട്ടും വരെ കോർപറേഷന്റെ തനത് ഫണ്ടിൽ സൂക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പരമാവധി രണ്ടുമാസത്തിനുള്ളിൽ ഇത് അതത് പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റണം. ഇത് മാറ്റാതെയാണ് 2.18 കോടി കോർപറേഷൻ തനത് ഫണ്ടിൽ പിടിച്ചുവെച്ചത്.

കേരളത്തിൽ ദേശീയ പെൻഷൻ സമ്പ്രദായം (എൻപിഎസ്) 2013 ജൂൺ ഒന്നിനുശേഷമുള്ള എല്ലാ നിയമനങ്ങൾക്കും നടപ്പാക്കിയിരുന്നു. തദ്ദേശ വകുപ്പിൽ എൻപിഎസ് നടപ്പാക്കുന്നതിനുവേണ്ട നിർദേശങ്ങൾ 2014 ഏപ്രിൽ 29-ന് നൽകിയതാണ്. ഇതുപ്രകാരം തദ്ദേശ സ്ഥാപനത്തിൽ നിയമനം ലഭിക്കുന്ന വ്യക്തികൾക്ക് സ്ഥാപന എന്ന അപ്ലിക്കേഷൻ വഴി പെർമനെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ഉണ്ടാക്കണം. ഓരോ ജീവനക്കാരിൽനിന്നും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർത്ത തുകയുടെ 10 ശതമാനം ആകെ ശമ്പളത്തിൽനിന്നും കുറവുചെയ്ത് തത്തുല്യമായ നഗരസഭാ വിഹിതവും ചേർത്ത് അടുത്ത മാസം പത്തിന് മുൻപായി സ്ഥാപന അപ്ലിക്കേഷൻ വഴി എൻപിഎസ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതിലാണ് വീഴ്ച വരുത്തിയത്. ഇത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി നിയമപ്രകാരം ഗുരുതര കുറ്റമാണ്.

കണ്ടിൻജന്റ് ജീവനക്കാരുടെ എൻറോൾമെന്റിനും പെർമനെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ഉണ്ടാക്കാനും എറണാകുളത്തെ കമ്പനിയെ ചുമതലപ്പെടുത്തിയെന്നും അത് കിട്ടാത്തതാണ് പെൻഷൻ തുക ഒടുക്കാൻ സാധിക്കാതിരുന്നതുമെന്നാണ് കോർപറേഷൻ അധികൃതർ നൽകിയ വിശദീകരണമെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

കോർപറേഷന്റെ വിശദീകരണം

വലിയ റിപ്പോർട്ടാണിത്. അതിനാൽ വിശദമായി പഠിക്കാൻ സാധിച്ചില്ല. അടുത്ത കോർപറേഷൻ കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.