തൊടുപുഴ: പോലീസ് സ്റ്റേഷൻ വളപ്പിൽ സർക്കാരിന്റെയോ പോലീസ് ആസ്ഥാനത്തിന്റെയോ മുൻകൂറായുള്ള ഭരണാനുമതിയില്ലാതെ ഹെൽത്ത് ക്ലബ്ബും ജിംനേഷ്യവും നിർമിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 10 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.

To advertise here,

ദക്ഷിണമേഖലാ ഐ.ജി. ആർ.നിശാന്തിനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം റൂറൽ പോലീസ് അഡീഷണൽ സൂപ്രണ്ടിനെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനകം കുറ്റപത്രത്തിന്റെ കരട് സമർപ്പിക്കാനും നിർദിഷ്ട സമയപരിധിക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാനും ഐ.ജി. ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, സബ് ഇൻസ്പെക്ടർ ബിജു വർഗീസ്, എസ്.സി.പി.ഒ.മാരായ ബൈജു പി.കെ., ബിനോയ് ടി.എം., സി.പി.ഒ.മാരായ അയ്യപ്പദാസ് ടി.കെ., സി.പി.ഒ. ഗണേഷ് ആർ., മനു എസ്., റിയാദ് എം.എസ്., സനൂപ് വി., വിഷ്ണു വേണുഗോപാൽ എന്നിവരാണ് അന്വേഷണം നേരിടുന്നത്.

നിയമലംഘനവും ഗുരുതര അച്ചടക്കലംഘനവും

2019 മാർച്ചിൽ അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ക്ലബ് നിർമാണം ആരംഭിച്ചത്. എന്നാൽ സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സാങ്കേതിക-ഭരണാനുമതികളോ പൊതുമരാമത്ത് മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു നിർമാണം. പദ്ധതിയിലോ പദ്ധതിയിതര വിഭാഗത്തിലോ തുക വകയിരുത്തിയിരുന്നില്ല.

പോലീസ് ക്ഷേമത്തിന്റെ മറവിൽ വാണിജ്യ ആവശ്യലക്ഷ്യത്തോടെയാണ് നിർമാണം നടന്നതെന്നും പോലീസ് പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് സംഭവിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അന്നത്തെ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലും കാന്റീൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

കെട്ടിട നിർമാണത്തിനുള്ള തുക കണ്ടെത്തുന്നതിനായി ആറ് സി.പി.ഒ.മാർ പോലീസ് സഹകരണ സംഘത്തിൽനിന്ന് വ്യക്തിഗതവായ്പ എടുത്തു. പിന്നീട് കാന്റീൻ ഫണ്ടിൽനിന്ന് ഈ തുക തിരിച്ചടയ്ക്കാനായിരുന്നു നീക്കം. ഗുരുതരമായ അച്ചടക്കലംഘനമായിക്കണ്ടാണ് കേരള പോലീസ് ഡിപ്പാർട്ട്മെന്റൽ എൻക്വയറി റൂൾസ് പ്രകാരം കൂട്ടായ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.