
തിരുവനന്തപുരം: ഗവർണർസ്ഥാനമൊഴിഞ്ഞുള്ള രാജേന്ദ്ര ആർലേക്കറുടെ മടക്കം, പി.എസ്.സി. പരീക്ഷാക്രമക്കേടിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ഉന്നമിട്ടശേഷം. പി.എസ്.സി.യുടെ ഭരണഘടനാപരിരക്ഷ കണക്കിലെടുത്ത്, നിയമപരമായ സങ്കീർണത ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന തലത്തിൽ നിയമവശങ്ങളെല്ലാം പരിശോധിച്ചശേഷമായിരുന്നു അസാധാരണനീക്കങ്ങൾ.
ഈ മാസം 12-നാണ് ഗവർണർമാരെ മാറ്റിനിയമിച്ച് കേന്ദ്രസർക്കാരിന്റെ ഉത്തരവിറങ്ങിയത്. പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ടയച്ചത് 15-നും.
പരീക്ഷാക്രമക്കേട് ആരോപണമുയർന്ന വേളയിൽത്തന്നെ ലോക്ഭവനിലേക്ക് പരാതികൾ പ്രവഹിച്ചിരുന്നു. ജൂലായിൽ സംസ്ഥാനസർക്കാർ എസ്.ഐ.ടി. പ്രഖ്യാപിച്ചശേഷം, അന്വേഷണപുരോഗതി ഗവർണർ നിരന്തരം നിരീക്ഷിച്ചു. പി.എസ്.സി. സെക്രട്ടറിയെ ലോക്ഭവനിലേക്കുവിളിച്ച് വിവരം ചോദിച്ചറിഞ്ഞു. ചെയർമാനോടും ആരോപണം സംബന്ധിച്ച് അന്വേഷിച്ചെന്നാണ് വിവരം.
പരീക്ഷാനടത്തിപ്പിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. ഇത് ഗവർണർ ആയുധമാക്കി. മൂന്നുമാസമായിട്ടും അന്വേഷണത്തിൽ വഴിത്തിരിവൊന്നും ഉണ്ടായില്ലെന്നതും കണക്കിലെടുത്തു. അന്വേഷണത്തോടുള്ള ചെയർമാന്റെയും അംഗങ്ങളുടെയും സമീപനവും പ്രശ്‌നമായി.
തുടർന്നാണ് ഭരണഘടനാസ്ഥാപനത്തിന്റെ അന്തസ്സിനെയും വിശ്വാസ്യതയെയും ബാധിച്ച പ്രശ്‌നത്തിൽ ഗൗരവമായ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി പുറത്താക്കൽ ശുപാർശ അയച്ചത്. യുവമോർച്ച നൽകിയ പരാതിയുടെ പകർപ്പുസഹിതമാണ് രാഷ്ട്രപതിക്കുള്ള ഗവർണറുടെ റിപ്പോർട്ട്.
ഗവർണറുടെ നടപടിയിൽ രാഷ്ട്രീയം, സിപിഎമ്മിനും സർക്കാരിനും പ്രഹരം
#സ്വന്തം ലേഖകൻ
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുകളിൽ പോലീസ് അന്വേഷണം പുരോഗമിക്കവേ, പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഫലിക്കുന്നത് രാഷ്ട്രീയം. കർണാടകയിലും ഝാർഖണ്ഡിലും പി.എസ്.സി. ക്രമക്കേടിനെതിരേ സമരം നടക്കവേ, ഗവർണർമാർ ഇടപെട്ടതിനുസമാനമാണിത്.
ഇവിടങ്ങളിൽ പ്രതിപക്ഷപാർട്ടികളാണ് അധികാരത്തിലുള്ളതെന്നും സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണർമാർ നടപടി സ്വീകരിച്ചതെന്നതുമാണ് രാഷ്ട്രീയമായ പ്രത്യേകത.
സി.പി.എമ്മിനും കോൺഗ്രസിനും തിരിച്ചടിയാണ് ഗവർണറുടെ ഇടപെടൽ. എൽ.ഡി.എഫ്. കാലത്ത് നിയമിക്കപ്പെട്ട പി.എസ്.സി.ക്കെതിരേയാണ് ഗവർണറുടെ നടപടിയെന്ന് യു.ഡി.എഫിന് ആശ്വസിക്കാം. എങ്കിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിൽ അവിശ്വാസമർപ്പിച്ച് പി.എസ്.സി ചെയർമാനെയും മറ്റും പുറത്താക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാരിനുണ്ടാക്കുന്ന പ്രഹരവും ചെറുതല്ല.
സി.ജെ.പി., നീറ്റ് പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച കേന്ദ്രവിരുദ്ധവികാരത്തിന്റെ ഗതി തിരിച്ചുവിടാനാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ പി.എസ്.സി. പ്രക്ഷോഭങ്ങളെ ബി.ജെ.പി. അവസരമാക്കിയിരുന്നത്.
പി.എസ്.സി.: ഗവർണറുടെ ഇടപെടൽ ഒടുവിൽ കർണാടകത്തിൽ
# എസ്.എൻ. ജയപ്രകാശ്
തിരുവനന്തപുരം: രാഷ്ട്രപതിയുടെയും ഗവർണറുടെയും ഇടപെടലിൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ടതിനും സസ്‌പെൻഡ് ചെയ്തതിനും പല സംസ്ഥാനങ്ങളിലും ഉദാഹരണങ്ങളുണ്ട്.
കർണാടക പി.എസ്.സി. ചെയർമാനായിരുന്ന ശിവശങ്കരപ്പ സഹൂക്കറെ ചോദ്യപ്പേപ്പർ ചോർച്ച, മക്കളുടെ നിയമന അഴിമതി എന്നിവയുടെ പേരിൽ ഗവർണർ സസ്‌പെൻഡ് ചെയ്തതാണ് ഒടുവിലത്തേത്.
പിരിച്ചുവിടാൻ ശുപാർശചെയ്തതിനൊപ്പം സുപ്രീംകോടതിയുടെ അന്വേഷണത്തിന് കാത്തുനിൽക്കാതെയായിരുന്നു സസ്‌പെൻഷൻ. പി.എസ്.സി. ചെയർമാൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഗവർണർ സർക്കാരിന്റെ ശുപാർശ തേടിയില്ലെന്ന കാരണത്താൽ സസ്‌പെൻഷൻ റദ്ദാക്കി. ഡി.കെ. ശിവകുമാർ മന്ത്രിസഭ ശുപാർശ ചെയ്തതിനെത്തുടർന്ന് ഈ വർഷം ഓഗസ്റ്റ് അവസാനം വീണ്ടും ഗവർണർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.
- 2026 ജൂലായ് കർണാടകം- പരീക്ഷാ ക്രമക്കേടുകൾക്ക് ചെയർമാൻ ശിവശങ്കപ്പ സഹൂക്കറെ ഗവർണർ സസ്‌പെൻഡ് ചെയ്തു.
- 2026 ഝാർഖണ്ഡ്- നിയമനക്രമക്കേടിന്റെ പേരിൽ ചെയർമാൻ എൽ. ഖയിങ്‌ഡേ രാജിവെച്ചു. പിന്നീട് അറസ്റ്റിലായി.
- .2025 അരുണാചൽ പ്രദേശ്- ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പി.എസ്.സി. അംഗം മേപ്പങ് തഡാർ ബേജിനെതിരേ അന്വേഷണവും പിരിച്ചുവിടലും.
- .2028 പഞ്ചാബ്- പി.എസ്.സി. ചെയർമാനായിരുന്ന രവീന്ദർപാൽ സിങ് സിദ്ദു കൈക്കൂലി വാങ്ങവേ പിടിയിൽ സുപ്രീംകോടതിക്ക് രാഷ്ട്രപതി റഫർ ചെയ്‌തെങ്കിലും കോടതി പരിഗണിച്ചപ്പോഴേക്കും കാലാവധി കഴിഞ്ഞു.
- 2010 ഹരിയാണ - പി.എസ്.സി. ചെയർമാൻ മനോഹർ സിങ് സെയ്നിയെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള അന്വേഷണത്തിന് രാഷ്ട്രപതി സുപ്രീംകോടതിക്ക് റഫർ ചെയ്തു. സുപ്രീംകോടതി ക്രമക്കേടുകൾ ശരിവെച്ചതിനെത്തുടർന്ന് പിരിച്ചുവിടൽ.
- 2010 ഝാർഖണ്ഡ് - ചെയർമാൻ ദിലീപ് പ്ര സാദിനെ രാഷ്ട്രപതിയുടെ റഫറൻസിനെത്തു ടർന്ന് സസ്‌പെൻഡ് ചെയ്തു.
- 2007 മഹാരാഷ്ട്ര- ചെയർമാൻ സായലി സഞ്ജീ വ് ജോഷിക്കെതിരേ രാഷ്ട്രപതിയുടെ റഫറൻസും സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും.
Content Highlights: Governor Rajendra Arlekar recommended the President to dismiss the Kerala PSC Chairman and members., Action was based on the PSC's internal vigilance report confirming exam irregularities., The move puts political pressure on both the ruling LDF government and the opposition., Similar actions by Governors in other states like Karnataka and Jharkhand are highlighted.
Published: 26 Oct 2026, 07:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented