കൊച്ചി: എസ്എഫ്‌ഐ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറിയെന്ന പ്രചാരണങ്ങൾക്കെതിരേ മന്ത്രി റോജി എം ജോൺ. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം നിരവധി കോളേജുകളിൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പലയിടത്തും പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി കെ.എസ്.യു ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

To advertise here,

പ്രതിഷേധം ഭയന്ന് കാലടി മറ്റൂർ ശ്രീ ശങ്കരാചാര്യ ആർട്‌സ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി റോജി എം ജോൺ പിൻവാങ്ങിയെന്നായിരുന്നു എസ്.എഫ്.ഐ പ്രതികരിച്ചത്. ചോദ്യങ്ങളെ പേടിക്കുന്ന മന്ത്രി പിൻവാങ്ങിയെന്നാണ് എസ്.എഫ്.ഐ അറിയിച്ചത്. യൂണിയൻ ഉദ്ഘാടനത്തിൽ മുഖ്യ അതിഥിയായിരുന്നു മന്ത്രി റോജി എം ജോൺ. കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ വിഷയം ഉന്നയിച്ച് മന്ത്രിക്കെതിരെ SFI പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ബാനറും ഫ്‌ലക്‌സും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി ഓഫീസ് അറിയിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

SFIയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം കേൾക്കുമ്പോൾ ചിരിക്കാതിരിക്കാനാവില്ല. മഹാരാജാസ് കോളേജിൽ SFI പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം അനവധി കോളേജുകളിൽ നിരവധി പരിപാടികൾ പങ്കെടുത്തിട്ടുണ്ട്. പലേടത്തും പ്രതിഷേധങ്ങളും ഉണ്ടായി. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. 'It is well taken' എന്ന മറുപടിയാണ് നൽകിയത്.

മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുത്. അതുകൊണ്ട് വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ. GO TO YOUR CLASSES ..