തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാനത്ത് നടപടികളുമായി ആരോഗ്യവകുപ്പ്. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.

To advertise here,

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും.

മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്. പാകിസ്താൻവഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരം ഉൽപ്പന്നങ്ങൾ വിതരണംചെയ്യുന്ന ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും.

വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ത്വക്ക് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും വ്യാജവും സുരക്ഷിതത്വം ഉറപ്പാക്കാത്തതുമായ ഉൽപ്പന്നങ്ങൾ കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സൗന്ദര്യം വർധിപ്പിക്കാനും ചർമത്തിന്റെ നിറം മാറ്റാനും വേഗത്തിൽ ഫലം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങളോടെയാണ് പല ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നത്. എന്നാൽ, ഇവയുടെ ചേരുവകളും ആരോഗ്യപ്രത്യാഘാതങ്ങളും സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ല.

സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം വർധിപ്പിക്കാനും ശരീരത്തിന്റെ കരുത്തും ശാരീരിക ഉത്തേജനവും കൂട്ടാനുമെന്ന പേരിൽ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ തുടങ്ങിയവ വ്യാജപരസ്യങ്ങളിലൂടെ വിൽക്കുന്നവരെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും. ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ പേരിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ഉൽപ്പന്നങ്ങളുടെ പരസ്യവും വിൽപ്പനയും മാത്രമല്ല, അവയുടെ വിതരണശൃംഖലയും ഉറവിടവും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂ. ആകർഷകമായ പരസ്യങ്ങൾക്കും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങൾക്കും പിന്നാലെ പോകാതെ ഉൽപ്പന്നങ്ങളുടെ അംഗീകാരം, നിർമ്മാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി കെ. മുരളീധരൻ ജനങ്ങളോട് അഭ്യർഥിച്ചു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.