പമ്പ: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പമ്പാ നദി മലിനമാക്കുന്നത് തടയാൻ കർശന നടപടികളുമായി ഭരണകൂടം. നദിയിലും സ്നാനഘട്ടങ്ങളിലും ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നദിയിൽത്തന്നെ ഉപേക്ഷിക്കുന്നത് നിരോധിച്ച് ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023-ലെ 163-ാം വകുപ്പ് പ്രകാരമാണ് നവംബർ 22-ന് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തരവിന് രണ്ട് മാസത്തെ പ്രാബല്യമുണ്ടാകും.

To advertise here,

തീർഥാടകർക്കും തദ്ദേശവാസികൾക്കും കുടിവെള്ളം ലഭ്യമാക്കുന്ന പ്രധാന സ്രോതസ്സാണ് പമ്പാനദി. നദിയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് പരിസ്ഥിതി നാശത്തിനും ജലജന്യ രോഗങ്ങൾ പടരുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിലാണ് നടപടി. 

പുതിയ ഉത്തരവ് പ്രകാരം പമ്പാ നദിയിലും പോഷകനദികളിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങളോ മറ്റ് മാലിന്യങ്ങളോ ഉപേക്ഷിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവരിൽനിന്ന് 5,000 രൂപ വരെ പിഴ ഈടാക്കും. പിഴത്തുക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ തുടർനിയമനടപടികൾ സ്വീകരിക്കും. പിഴ ചുമത്തുന്നതിനുള്ള ചുമതല പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ്.

പിഴയായി ലഭിക്കുന്ന തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിക്ഷേപിക്കുകയും പമ്പയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യും. ഉത്തരവിനെക്കുറിച്ച് തീർഥാടകർക്കിടയിൽ ബോധവത്കരണം നടത്താനും നിർദേശമുണ്ട്. ഇതിനായി പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ പൊതുജന അറിയിപ്പ് സംവിധാനങ്ങളിലൂടെയും പ്രദർശന ബോർഡുകളിലൂടെയും പ്രചാരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനും നിർദേശം നൽകി.