തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക് എതിരായി കോൺഗ്രസ്‌ പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽ.ഡി.എഫ്. വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതിയ സ്വതന്ത്രൻ സുധീഷ് കുമാറും വഴങ്ങിയിട്ടില്ല. ഇതോടെ അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ കോൺഗ്രസിന് സാധിക്കില്ല.

To advertise here,

അവിശ്വാസ പ്രമേയത്തിൽ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. അവിശ്വാസ പ്രമേയത്തോട് സി.പി.എം. സഹകരിക്കാത്തത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണ മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ പറഞ്ഞു.

കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിനുവേണ്ടി വെമ്പൽ കൊണ്ടിരിക്കുന്നവരല്ല യു.ഡി.എഫെന്നും റിസോർട്ട് രാഷ്ട്രീയം നടത്തുന്നവരല്ല തങ്ങളെന്നും കെ.എസ്. ശബരിനാഥൻ പറഞ്ഞു. അവിശ്വാസപ്രമേയം ഒരു ആയുധം ആണെന്നും അത് കൃത്യമായി ഉപയോഗിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെങ്കിലും എൽ.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാൻ യു.ഡി.എഫിന് സാധിച്ചു. കഴിഞ്ഞദിവസം അവിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കുമെന്ന സൂചന മുൻ മേയറും മുൻ മന്ത്രിയുമായ വി.ശിവൻകുട്ടി നൽകിയിരുന്നു. എന്നാൽ അവിശ്വാസത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയ് ഇന്ന് പങ്കുവെച്ചത്. ഈ ഘട്ടത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയപരമായി ഗുണം ചെയ്യില്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.

അവിശ്വാസ പ്രമേയ നോട്ടീസ് കളക്ടർക്ക് പരിഗണിക്കണമെങ്കിൽ മൂന്നിലൊന്ന് പിന്തുണ വേണം. 101 പേരുള്ള കൗൺസിലിൽ 34 പേരുടെ ഒപ്പുണ്ടെങ്കിലെ ഇത് സാധ്യമാവുകയുള്ളു. കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം 20 ആണ്. എൽ.ഡി.എഫിന് 29 അംഗങ്ങളാണുള്ളത്. കോൺഗ്രസ് വിമതനായ സുധീഷ് കുമാറും ഒപ്പമുണ്ടെങ്കിൽ 50 പേരുടെ പിന്തുണ നേടാം.

അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ കളക്ടർ യോഗം വിളിച്ചുചേർക്കും. പകുതി അംഗങ്ങൾ ഹാജരായാൽ അവിശ്വാസത്തിന്മേൽ ചർച്ച ചെയ്യാനുള്ള യോഗം നടക്കും. അവിശ്വാസ പ്രമേയം പാസ് ആകണമെങ്കിൽ 101 അംഗങ്ങളിൽ 51 പേർ അനുകൂലിക്കണം. ഈ ഭൂരിപക്ഷം പ്രതിപക്ഷത്തിന് നേടാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം തള്ളിപ്പോകും. പിന്നെ ആറുമാസത്തിന് ശേഷം മാത്രമേ അടുത്ത അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണത്തിൽ എൻ.ഡി.എയ്ക്ക് ഒപ്പം ഉറച്ച് നിൽക്കുമെന്ന് സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ വ്യക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പിക്ക് 51 ആണ് അംഗബലമെങ്കിലും വാഴോട്ടുകോണത്തെ കൗൺസിലർ സുഗതൻ നിലവിൽ കാപ്പാ കേസിൽ ജയിലിൽ ആണ്. അതേസമയം അവിശ്വാസപ്രമേയത്തെ ബി.ജെ.പി. സ്വാഗതം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം തിങ്കളാഴ്ച നടക്കും.

കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനമെടുക്കുന്നത്. ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ.