
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനുള്ള അവസരത്തിന് എൽഡിഎഫ് പിന്തുണ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് യുഡിഎഫ് നീക്കം. പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ എൽഡിഎഫിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും പിന്തുണ നൽകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
വാഴോട്ടുകോണത്തെ കൗൺസിലർ സുഗതന്റെ അറസ്റ്റിന് പിന്നാലെയാണ് തിരുവനന്തപുരം നഗരസഭയിൽ പ്രതിസന്ധി രൂപപ്പെട്ടത്. 101 അംഗ നഗരസഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് കളക്ടർ പരിഗണിക്കണമെങ്കിൽ മൂന്നിലൊന്ന് പിന്തുണവേണം. 34 പേരുടെ ഒപ്പുണ്ടെങ്കിൽ അവിശ്വാസപ്രമേയം സാധ്യമാകും. കൗൺസിലിൽ യുഡിഎഫിന്റെ അംഗബലം 20 ആണ്. എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്. കൂടാതെ കോൺഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ പിന്തുണയുമുണ്ടാകും. എല്ലാവരും ഒരുമിച്ചുനിന്നാൽ അംഗബലം 50 ആകും. ബിജെപി പക്ഷത്ത് 51 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സുഗതൻ അറസ്റ്റിലായതോടെ 50 പേരായി ബിജെപി അംഗങ്ങൾ.
അവിശ്വാസപ്രമേയ നോട്ടീസ് സ്വീകരിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ കളക്ടർ യോഗം വിളിച്ചുചേർക്കും. പകുതിയംഗങ്ങൾ ഹാജരായാൽ അവിശ്വാസത്തിന്മേൽ ചർച്ച ചെയ്യാനുള്ള യോഗം നടക്കും. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ 101 അംഗങ്ങളിൽ 51 പർ അനുകൂലിക്കണം. കേവല ഭൂരിപക്ഷം പ്രതിപക്ഷത്തിന് നേടാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം തള്ളിപ്പോകും. പിന്നെ ആറുമാസത്തിന് ശേഷം മാത്രമേ അടുത്ത അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കൂ.
കോർപ്പറേഷൻ ഭരണത്തിൽ എൻഡിഎയ്ക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ പറയുന്നത്. ഇതോടെ 50 അംഗങ്ങളുടെ പിൻബലം എൻഡിഎക്ക് ഉറപ്പായി. എന്നാൽ, വാഴോട്ടുകോണത്തെ കൗൺസിലർ സുഗതൻ നിലവിൽ കാപ്പാ കേസിൽ ജയിലിലാണ്. ഇത് എൻഡിഎ പാളയത്തിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതനുള്ളത്. കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിങ്ങുകളിലും സുഗതൻ പങ്കെടുത്തിട്ടില്ലെന്നാണ് എൽഡിഎഫും കോൺഗ്രസും ആരോപിക്കുന്നത്. മൂന്ന് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ അംഗത്വം റദ്ദാക്കാം. എന്നാൽ, ഒരു ബോർഡ് മീറ്റിങ്ങിൽ മാത്രമേ സുഗതൻ പങ്കെടുക്കാതിരുന്നിട്ടുള്ളൂ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. തുടർച്ചയായി മൂന്ന് ബോർഡ് മീറ്റുങ്ങുകളിൽനിന്ന് വിട്ടുനിന്നാൽ സുഗതന്റെ അംഗത്വവും കൗൺസിലർ സ്ഥാനവും നഷ്ടപ്പെടുന്നതിൽനിന്ന് ഒഴിവാക്കാൻ ഭരണസമിതി രേഖകളിൽ തിരിമറി നടത്തിയെന്ന് എൽഡിഎഫ് ആരോപിക്കുന്നുണ്ട്.
അതിനിടെ, ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി അംഗങ്ങളുടെ അംഗത്വം ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, ജയിലിലായതിനാൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം സ്ഥിരമായി റദ്ദാക്കപ്പെടാനുള്ള നടപടി സർക്കാരിന് കൈക്കൊള്ളാം. ഇതും ബിജെപിക്കുള്ളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞദിവസം, സംസ്ഥാന നേതൃത്വത്തിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനമെടുത്തത്. യുഡിഎഫ് അവതരിപ്പിക്കാനൊരുങ്ങുന്ന അവിശ്വാസപ്രമേയത്തെ പൂർണമായും തള്ളിക്കളയുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കാൻ ലഭിക്കുന്ന ആദ്യ ആയുധമാണ് ഇതെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളും ഇടതുപക്ഷവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൈകോർക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Content Highlights: UDF initiates a no-confidence motion against the BJP-led Thiruvananthapuram Corporation council., The move follows the arrest of BJP councilor Sugathan in a KAAPA case., The opposition needs 51 votes to successfully topple the current administration., LDF's potential support for the UDF motion could shift the power balance in the 101-member council.
Published: 27 Jun 2026, 06:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented